ദില്ലി: രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനക്കേസിൻ്റെ പൂർണ്ണമായ അന്വേഷണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ.) കൈമാറി. കേസ് ഏറ്റെടുത്തതായി എൻ.ഐ.എ. ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. സ്ഫോടനത്തിന് പിന്നിൽ ചാവേർ ആക്രമണത്തിനുള്ള സാധ്യതയുണ്ടോ എന്ന പ്രധാന സംശയമാണ് അന്വേഷണ ഏജൻസികൾ ഇപ്പോൾ പരിശോധിക്കുന്നത്.
സ്‌ഫോടനം നടന്ന വെള്ള നിറത്തിലുള്ള ഹ്യൂണ്ടായ് ഐ20 കാറിൻ്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നു. HR 26 CE 7674 എന്ന നമ്പർ പ്ലേറ്റുള്ള ഈ വാഹനം മൂന്ന് മണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ടിരുന്നതായാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഫരീദാബാദ് ഭീകരസംഘത്തിൽ ഉൾപ്പെട്ട ഡോക്ടർ ഉമർ മുഹമ്മദാണ് കാർ ഓടിച്ചിരുന്നത് എന്നും, ഇയാളെ സ്ഥിരീകരിക്കുന്നതിനായി ഡി.എൻ.എ. പരിശോധന നടത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു. നിലവിൽ വിവിധ അന്വേഷണ സംഘങ്ങൾ നടത്തുന്ന എല്ലാ അന്വേഷണങ്ങളും ഇനി എൻ.ഐ.എയുടെ മേൽനോട്ടത്തിലായിരിക്കും നടക്കുക.
സ്ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തിട്ടുണ്ട്. സ്ഫോടനത്തിൽ എട്ടുപേരുടെ മരണം സ്ഥിരീകരിക്കുകയും 30-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ ആറ് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ദില്ലി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളിലും വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും മെട്രോ സ്റ്റേഷനുകളിലും കർശന പരിശോധനയും സുരക്ഷാക്രമീകരണങ്ങളും ഏർപ്പെടുത്തിയിരിക്കുകയാണ്.












