ഇന്ത്യയുടെ തലസ്ഥാന നഗരത്തെ ഞടുക്കിക്കൊണ്ട് ചെങ്കോട്ടയ്ക്കടുത്ത് നവംബര്‍ പത്തിന് വൈകിട്ട് 6.56 നു നടന്ന കാർ ബോംബ് സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. ഏതാണ്ട് 22 വാഹനങ്ങൾ സംഭവസ്ഥലത്ത് കത്തിനശിച്ചു. ഡൽഹിയിലെ ഏറ്റവും തിരക്കുള്ള നഗരപ്രദേശങ്ങളിൽ ഒന്നാണ് ചെങ്കോട്ട പരിസരം. ചാന്ദ്നി ചൌക്ക് എന്ന മാർക്കറ്റും ഒരു മെട്രോ സ്റ്റേഷനും രണ്ട് ക്ഷേത്രങ്ങളും സ്ഫോടനം നടന്ന സ്ഥലത്തിന്റെ ചുറ്റുവട്ടത്തുണ്ട്. വളരെ തിരക്കു പിടിച്ച വൈകുന്നേര സമയത്തായിരുന്നു സ്ഫോടനം. പതിയെ നീങ്ങിക്കൊണ്ടിരുന്ന ഹരിയാന റജിസ്ട്രേഷൻ i 20 കാർ സുഭാഷ്നഗർ മാർഗ് ട്രാഫിക് സിഗ്നൽ എത്തും മുമ്പ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ മരിച്ച ഡോ ഉമര്‍ അഹമ്മദായിരുന്നു അവസാനമായി കാറിൻ്റെ ഉടമ. അതിനു മുമ്പ് ഈ കാർ പലരും വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്നു.
ഉഗ്രസ്‌ഫോടനത്തിന്റെ പ്രകമ്പനങ്ങള്‍ വളരെ ദൂരം അനുഭവപ്പെട്ടിരുന്നു. പത്തുപതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് രാജ്യതലസ്ഥാനത്ത് ഇത്തരമൊരു ഭീകരാക്രമണമുണ്ടാവുന്നത്.
കഴിഞ്ഞ ദിവസം ഫരീദാബാദില്‍ ജമ്മു കശ്മീര്‍, ഹരിയാണ പോലീസ് സംഘങ്ങള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ എട്ടംഗ ഭീകരസംഘത്തെ പിടികൂടിയിരുന്നു. അവരില്‍ നിന്നും വലിയ തോതില്‍ സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു. അതില്‍ പരിഭ്രാന്തരായ മറ്റു സംഘാംഗങ്ങളാണ് ഡല്‍ഹിയിലെ സ്‌ഫോടനത്തിനു പിന്നിലെന്ന് സംശയിക്കപ്പെടുന്നു.
വൈറ്റ് കോളർ ടെറർ ഇക്കോ സിസ്റ്റം
ചെങ്കോട്ടയിലെ സ്ഫോടനത്തിൻ്റെ അന്വേഷണം വൈറ്റ് കോളർ ടെറർ മൊഡ്യൂളിലെ അംഗങ്ങളിലേക്ക് നീളുന്നു. “വൈറ്റ് കോളർ ടെറർ ഇക്കോ സിസ്റ്റം’ എന്ന അടിസ്ഥാനപരമായ മാറ്റം ഭീകരസംഘടനകളിലേക്കുള്ള റിക്രൂട്ട്മെന്റിൽ നടന്നുവെന്ന് ഡോക്ടർമാരുടെ അറസ്റ്റിലൂടെ വെളിപ്പെട്ടതായി കശ്മീർ പൊലീസ് പറയുന്നു.
മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഐഎസ്‌ഐയും ഭീകരസംഘങ്ങളും തന്ത്രങ്ങള്‍ മാറ്റിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസമുള്ള, കുറ്റകൃത്യങ്ങളില്‍ മുമ്പ് പങ്കില്ലാത്ത പ്രൊഫഷണലുകളെയാണ് അവര്‍ ദൗത്യമേല്‍പ്പിക്കുന്നത്. ഇന്റര്‍നെറ്റ് മുഖാന്തിരമാണ് അവരില്‍ തീവ്രവാദം കുത്തിവെക്കുന്നത്. പിന്നീട് അവരെ ജെയ്‌ഷെ മുഹമ്മദ് പോലുള്ള ഭീകരശൃംഖലകളും പാകിസ്താനിലെ ഹാന്‍ഡ്‌ലര്‍മാരുമായി ബന്ധിപ്പിക്കുന്നു. നിയമാനുസൃതമാര്‍ഗങ്ങളിലൂടെ – ബിസിനസുകൾ, ലബോറട്ടറികള്‍, ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍- അവര്‍ ഭീകരതയ്ക്കാവശ്യമായ സ്‌ഫോടകവസ്തുക്കളും രാസവസ്തുക്കളുമൊക്കെ സംഘടിപ്പിക്കും, ആര്‍ക്കും സംശയം തോന്നാത്ത വിധത്തില്‍. ഇത്തരക്കാരെ വൈറ്റ് കോളര്‍ ഭീകരര്‍ എന്നാണ് വിളിക്കുന്നത്.
ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള അദീൽ അഹമ്മദിനും മുസമ്മിൽ ഷക്കീലിനും ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്. ഇവരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി പൊലീസ് അന്വേഷിച്ചു വരുകയായിരുന്ന ഡോ.ഉമർ മുഹമ്മദാണ് ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നതെന്നാണ് വിവരം. അമോണിയം നൈട്രേറ്റാണ് ചെങ്കോട്ടയിലും സ്ഫോടനം നടത്താൻ ഉപയോഗിച്ചതെന്നാണു പ്രാഥമിക വിവരം.
ഡല്‍ഹിക്കടുത്ത്, ഹരിയാണയിലെ ഫരീദാബാദിനടുത്ത ഗ്രാമത്തില്‍ നിന്നും ജമ്മു കശ്മീര്‍ പോലീസ് 360 കിലോഗ്രാം സ്‌ഫോടകവസ്തുക്കളും സ്‌ഫോടകവസ്തുക്കളുണ്ടാക്കാന്‍ വേണ്ട 2,900 കിലോ സാമഗ്രികളും എകെ 47 തോക്കും വെടിക്കോപ്പുകളുമടക്കമുള്ള വന്‍ശേഖരം പിടികൂടിയത് സ്‌ഫോടനത്തിന്റെ തലേന്നാണ്. അറസ്റ്റിലായ ഏഴുപേരില്‍ രണ്ടുപേര്‍ കശ്മീരില്‍ നിന്നുള്ള എംബിബിഎസ് ഡോക്ടര്‍മാരാണ്. പുല്‍വാമക്കാരന്‍ മുസമ്മില്‍ ഷക്കീലും അനന്ത്‌നാഗ് സ്വദേശി ആദില്‍ റാത്തറും. യുപിക്കാരി ഡോ ഷഹീനും അറസ്റ്റു ചെയ്യപ്പെട്ടു. ജമ്മു കശ്മീര്‍ പോലീസ് 26 ദിവസം നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് സംഘത്തെ പിടികൂടാനായത്. ഉത്തര്‍പ്രദേശിലെ സഹാരന്‍പുരില്‍ പ്രാക്ടീസ് നടത്തി വന്ന ഡോക്ടര്‍ ആദില്‍ റാത്തറിന്റെ അറസ്റ്റിനെ തുടര്‍ന്നുള്ള അന്വേഷണമാണ് ഈ സംഘത്തെ പിടികൂടുന്നതില്‍ എത്തിച്ചത്. രണ്ടാഴ്ച മുമ്പ് ശ്രീനഗറില്‍ ഹിസ്ബുള്‍ മുജാഹിദീന്‍, ജെയ്‌ഷെ മുഹമ്മദ് എന്നിവയുടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതു സംബന്ധിച്ച അന്വേഷണമാണ് ഡോ റാത്തറിലും തുടര്‍ന്ന് ഫരീദാബാദിലും എത്തിയത്. പാക് ഹാന്‍ഡ്‌ലര്‍മാരുമായി റാത്തറിന് ബന്ധമുണ്ടായിരുന്നു.
പുൽവാമയിൽ ജനിച്ച ഡോ. ഉമർ മുഹമ്മദ് ഫരീദാബാദിലെ അൽ ഫലാ മെഡിക്കൽ കോളജിൽ ജോലി ചെയ്തിരുന്നു. ഇതേ മെഡിക്കൽ കോളജിൽ കഴിഞ്ഞ 3 വർഷമായി സീനിയർ റസിഡന്റായി ജോലി ചെയ്യുകയാണ് മുസമ്മിൽ ഷക്കീൽ അദീൽ മുഹമ്മദിന്റെയും മുസമ്മിലിന്റെയും അടുത്ത അനുയായിയാണ് ഉമർ. അന്വേഷണ സംഘം ഉമര്‍ മുഹമ്മദിന്റെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്. പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് ഉമര്‍ ആണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഡോക്ടേഴ്‌സ് പിടിയിലായതിന്റെ പരിഭ്രാന്തിയില്‍ ഉമര്‍ മുഹമ്മദ് പെട്ടെന്ന് ആസൂത്രണം ചെയ്ത ചാവേര്‍ സ്‌ഫോടനമാകാനുള്ള സാധ്യതയും അന്വേഷണ ഏജന്‍സികള്‍ തള്ളിക്കളയുന്നില്ല.
അന്വേഷണ സംഘം ഉമര്‍ മുഹമ്മദിന്റെ സഹോദരനെയും കുടുംബാംഗങ്ങളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കസ്റ്റഡിയിലുള്ളത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ ആദ്യ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കുമെന്ന് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് കിട്ടുന്നതോടെ കണ്ടെടുത്ത വസ്തുക്കളുടെ സ്വഭാവത്തെയും ഘടനയെയും കുറിച്ച് വ്യക്തത വരും.
പാക്കിസ്ഥാൻ്റെ നിഴൽയുദ്ധം
ഓപ്പറേഷന്‍ സിന്ദൂര്‍ കഴിഞ്ഞിട്ട് ആറു മാസമായി. പാക്ക് അധീന കശ്മീരിലും പാകിസ്താനിലുമുള്ള ഒന്‍പത് ഭീകരകേന്ദ്രങ്ങളെ ഇന്ത്യ സംയുക്ത സൈനിക ഓപ്പറേഷനില്‍ തകര്‍ത്തത് കഴിഞ്ഞ മേയ് ഏഴാം തീയതി പുലര്‍ച്ചെ ആയിരുന്നു. 25 മിനിറ്റ് നീണ്ടുനിന്ന മിസൈല്‍ ആക്രമണങ്ങളില്‍ ഒന്‍പത് ഭീകരതാവളങ്ങള്‍ തകര്‍ക്കപ്പെട്ടു, ബഹവല്‍പുരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനവും മുറിദ്‌കെയിലെ ലഷ്‌കര്‍ കേന്ദ്രവും ഉള്‍പ്പെടെ. ലഷ്‌കര്‍ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെ ഉറ്റ ബന്ധുക്കളടക്കം നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. അതോടെ ഭീകരരും അവരെ സഹായിക്കുന്ന പാകിസ്താനും കുറച്ചുകാലത്തേക്ക് അടങ്ങിയിരിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ഭീകരരെ ഉപയോഗിച്ച് ഇന്ത്യയോട് നിഴല്‍യുദ്ധം നടത്തുന്ന രീതിയില്‍ മാറ്റം വരുത്താന്‍ പാകിസ്താന്‍ തയ്യാറല്ലെന്നാണ് സമീപ കാലത്ത് പാക് അതിര്‍ത്തി കടന്നുവരുന്ന ഭീകരവാദ സംഭവങ്ങളുടെ വര്‍ദ്ധനവ് ചൂണ്ടിക്കാണിക്കുന്നത്.
ഓപ്പറേഷന്‍ സിന്ദൂറിനുശേഷം ലഷ്‌കറും ജെയ്‌ഷെ മുഹമ്മദും പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ക്വാ, ബലൂചിസ്താന്‍ എന്നീ പ്രവിശ്യകളിലെ ദുഷ്‌കരമായ ഉള്‍മേഖലകളിലേക്ക് താവളങ്ങള്‍ മാറ്റിയിരുന്നു. തല്‍ക്കാലത്തേക്ക് പതുങ്ങിയിരിക്കാനും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കുക എന്നതായിരുന്നു ഭീകരസംഘടനകള്‍ സ്വീകരിച്ച തന്ത്രം.
സെപ്തംബറിനു ശേഷം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റം വര്‍ധിച്ചിട്ടുണ്ട്. നിരവധി ലഷ്‌കര്‍, ജെയ്‌ഷെ മുഹമ്മദ് യൂണിറ്റുകള്‍ നിയന്ത്രണരേഖ കടന്ന് കശ്മീരിലെത്തിയിട്ടുണ്ട്. അവര്‍ക്ക് പാകിസ്താന്റെ സ്‌പെഷല്‍ സര്‍വീസസ് ഗ്രൂപ്പിന്റെയും ഐഎസ്‌ഐയുടെയും സഹായം ലഭിക്കുന്നു. പാകിസ്താന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമുകള്‍ വീണ്ടും ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരമുണ്ട്. ഈയിടെ മുസഫറാബാദില്‍ ചേര്‍ന്ന ജമാ അത്തെ ഇസ്ലാമി, ഹിസ്ബുള്‍ മുജാഹിദീന്‍, ഐഎസ്‌ഐ നേതാക്കളുടെ യോഗം സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാനും ഓപ്പറേഷന്‍ സിന്ദൂറിന് പ്രതികാരം ചെയ്യാന്‍ ഭീകരസംഘങ്ങള്‍ക്ക് നിര്‍ദ്ദേശം കൊടുക്കാനും തീരുമാനിച്ചതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത, തീവ്രവാദികളെ ഇന്ത്യയിലേക്കു കടത്തിവിടുന്ന 15 താവളങ്ങള്‍ പാകിസ്താന്‍ പുനരാരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. മൂന്ന് ദശകത്തിലധികമായി ഇന്ത്യയിലേക്ക് ഭീകരവാദം കയറ്റി അയയ്ക്കുന്ന എസ് വണ്‍ എന്നു പേരായ ഐഎസ്‌ഐ യൂണിറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ ഈയിടെയാണ് പുറത്തുവന്നത്.
പോരാട്ടം ബംഗ്ളദേശ് വഴിയും
ഹാഫിസ് സയീദിന്റെ വലംകൈയായ സൈഫുള്ളാ സൈഫ് തന്റെ നേതാവ് ‘വെറുതെ ഇരിക്കുകയല്ല, ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയെ ആക്രമിക്കാന്‍ ഒരുങ്ങുകയാണ്’ എന്ന് പ്രസംഗിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നു. ലഷ്‌കര്‍ ഭീകരര്‍ ‘കിഴക്കന്‍ പാകിസ്താനില്‍’ സജീവമാണെന്നും ഓപ്പറേഷന്‍ സിന്ദൂറിന് മറുപടി കൊടുക്കാന്‍ അവര്‍ തയ്യാറാണെന്നും സൈഫ് പറഞ്ഞു. ഹാഫിസിന്റെ അനുയായി ഇലാഹി നസീര്‍ ഒക്ടോബറില്‍ ബംഗ്ലാദേശില്‍ എത്തുകയും ഇന്ത്യയുടെ അതിര്‍ത്തി ജില്ലകളില്‍ നടന്ന വിവിധയോഗങ്ങളില്‍ ഇന്ത്യാവിരുദ്ധ വികാരം ഇളക്കിവിടുന്ന തരത്തില്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു. ഒരുപക്ഷേ, ഓപ്പറേഷന്‍ സിന്ദൂറിനെക്കാള്‍ പാകിസ്താനിലെ ഭീകരരെ അലട്ടുന്നത് അവിടെ സ്വൈര്യവിഹാരം നടത്തുന്ന ‘അജ്ഞാതരെ’ക്കുറിച്ചുള്ള ഭയമാവണം. 2024-നു ശേഷം ഈ അജ്ഞാതര്‍ വകവരുത്തിയത് രണ്ടുഡസനിലധികം ഭീകരപ്രമുഖരെയാണ്. അവരില്‍ ഹാഫിസ് സയീദിന്റെ വലംകൈ ഖത്തല്‍ സിന്ധി എന്ന സിയാവുര്‍ റഹ്മാനും കാണ്ഡഹാര്‍ വിമാനറാഞ്ചലിനു നേതൃത്വം കൊടുത്തയാളും 2016-ലെ പഠാന്‍കോട്ട് ആക്രമണത്തിന്റെ സൂത്രധാരനും ലാഹോര്‍ ജയിലില്‍ ഇന്ത്യന്‍ തടവുകാരന്‍ സരബ്ജീത് സിങ്ങിനെ വകവരുത്തിയ ലഷ്‌കര്‍ ഭീകരനുമൊക്കെ പെടും. ഈ വര്‍ഷം ഇതിനകം എട്ട് കൊലപാതകങ്ങള്‍ നടന്നു കഴിഞ്ഞു. ലോകത്തിന്റെ പേടിസ്വപ്നമായ ഭീകരനേതാക്കള്‍ക്ക് മുട്ടിടിക്കുന്ന കാലം. ഈ കൊലപാതകങ്ങള്‍ക്കു പിന്നില്‍ ഇന്ത്യയാണെന്ന് പാകിസ്താനും ഭീകരരും ആരോപിക്കുന്നു. അടിസ്ഥാനരഹിതമെന്ന് ഇന്ത്യയും.
Delhi blast: Investigation into ‘white collar’ module, what is white collar module?












