ഡൽഹി : റെഡ് ഫോർട്ടിന് സമീപം സ്ഫോടനം നടത്തിയ ഭീകരർക്ക് ലഭിച്ചത് 3,200 കിലോ സ്ഫോടക വസ്തുക്കളെന്ന് കണ്ടെത്തൽ. ഇതിൽ മൂന്നൂറ് കിലോ സ്ഫോടക വസ്തുക്കൾ ഇനിയും കണ്ടെത്താനുണ്ടെന്ന് വിവരം. ഭീകര സംഘത്തിൽ കൂടൂതൽ പേരുണ്ടെന്ന നിഗമനത്തിലാണ് ഏജൻസികൾ. ഭീകരരുമായി ബന്ധമുള്ള മറ്റിടങ്ങളിലും ഹരിയാന പൊലീസിൻ്റെ അടക്കം നേത്യത്വത്തിൽ പരിശോധന നടക്കുകയാണ്. ഇതുവരെ കണ്ടെത്തിയത് 2900 കിലോ സ്ഫോടക വസ്തുക്കളാണ്.
അതേ സമയം, സ്ഫോടനവുമായി ബന്ധപ്പെട്ട് സംശയമുനയിലുള്ള ചുവന്ന ഇക്കോ സ്പോർട്ട് എസ്‌യുവി കണ്ടെത്തി. തിങ്കളാഴ്ച നടന്ന സ്ഫോടനത്തിന് തൊട്ടുമുമ്പ് സ്ഫോടന സ്ഥലത്ത് നിന്ന് അതിവേഗം ഓടിച്ചുപോയതായി കരുതുന്ന കാർ സംശയത്തിന്റെ നിഴലിലായിരുന്നു. വൻ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. വാഹനം ഓടിച്ചയാളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും, ഇയാൾക്ക് സ്ഫോടനത്തിൽ പങ്കുണ്ടോ എന്ന സംശയത്തിൽ വിവിധ അന്വേഷണ ഏജൻസികൾ ഈ വാഹനത്തിന്റെ വിവരങ്ങൾ ശേഖരിച്ചത്. ഡൽഹിയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്.
സ്ഫോടനം തലസ്ഥാനത്ത് വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്. കേസിൽ എന്തെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുണ്ട്. ചുവന്ന ഇക്കോസ്പോർട്ട് എസ്‌യുവിയെക്കുറിച്ചുള്ള വിവരം അന്വേഷണത്തിൽ നിർണായകമാവുമെന്നാണ് വിലയിരുത്തൽ.
ഡൽഹിയിലെ റെഡ് ഫോർട്ടിനടുത്ത് നടന്ന സ്ഫോടനത്തിൽ പരിക്കേറ്റവരെ ലോക് നായക് ജയപ്രകാശ് ആശുപത്രിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. ഭൂട്ടാനിലെ ദ്വിദിന സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയ ഉടനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ആശുപത്രിയിൽ നേരിട്ടെത്തി പരിക്കേറ്റവരുമായി സംസാരിച്ച അദ്ദേഹം, അവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നതായും അറിയിച്ചു.












