ന്യൂഡല്‍ഹി: നിരവധിപ്പേരുടെ മരണത്തിനു ഇടയാക്കിയ ഡല്‍ഹിയിലെ കാര്‍ സ്‌ഫോടനകേസില്‍ യുഎപിഎ ചുമത്തി അന്വേഷണം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിച്ച് ഡല്‍ഹി പോലീസ്. സ്‌ഫോടനത്തിനു പിന്നാലെ രാജ്യതലസ്ഥാനത്ത് അതീവജാഗ്രതാ നിര്‍ദേശമാണ് പോലീസ് നല്കിയിട്ടുള്ളത്.
ചെങ്കോട്ട മെട്രോ സ്‌റ്റേഷനു സമീപമുണ്ടായ സ്‌ഫോടനത്തില്‍ നിരവധിപ്പേര്‍ മരിക്കുകയും നിരവധി വാഹനങ്ങള്‍ തകരുകയും ചെയ്തിരുന്നു. നഗരത്തിലുടനീളം പോലീസ് അതീവ ജാഗ്രത പ്രഖ്യാപിച്ചതോടെ പല മേഖലകള്‍ തിരിച്ച് പരിശോധനകളും ഊര്‍ജിതമാക്കി. സ്‌ഫോടനത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. സ്‌ഫോടനം നടന്നതിനു സമീപത്തുള്ള ടോള്‍ പ്ലാസകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടെ 100 ലധികം സിസിടിവി ക്ലിപ്പുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്.
സ്‌ഫോടനം നടന്ന കാര്‍ പാര്‍ക്കിംഗ് ഏരിയയിലേക്ക് പ്രവേശിക്കുന്നതും പുറത്തുകടക്കുന്നതും കാണിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഡല്‍ഹി പോലീസിന് ലഭിച്ചു. ആ സമയത്ത് കാറിനുള്ളില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നു സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാര്‍ ഏതു റൂട്ടിലൂടെയാണ് വന്നതെന്നുള്‍പ്പെടയെുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി സമീപത്തുള്ള ടോള്‍ പ്ലാസകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നൂറിലധികം സിസിടിവി ക്ലിപ്പുകള്‍ പരിശോധിക്കുകയാമെന്നു ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ഇതിനിടെ കഴിഞ്ഞ ദിവസം ഫരീദാബാദില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്ത കണ്ണികളുമായി ഈ സ്‌ഫോടനത്തിനു ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
Delhi Car Blast Live: Delhi police invokes UAPA; probe into vehicle explosion widens












