ന്യൂഡൽഹി: ഡൽഹി സ്ഫോടനത്തിനു പിന്നിൽ ചാവേർ ആക്രമണമെന്ന സൂചനയുമായി എൻഐഎ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസി.സ്ഫോടനത്തിനു പിന്നിലെ ചാവേറെന്നു സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന്റെ ചിത്രം പുറത്തുവിട്ടു. റെഡ് ഫോർട്ടിനു സമിപം പൊട്ടിത്തെറിച്ച വെള്ള നിറത്തിലുള്ള ഐ 20 കാറിന്റെ ഉടമയാണ് ഉമർ ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയായ ഡോ.ഉമർ.
ഉമർ അൽ ഫലാ മെഡിക്കൽ കോളജിലെ ഡോക്ടറാണ്. വൈറ്റ് കോളർ ടെറർ മൊഡ്യൂളെന്ന പേരിൽ ജമ്മു കശ്മീർ, ഹരിയാന പൊലീസ് സംഘം പിടികൂടിയ ഡോ. അദീൽ അഹമ്മദ് റാത്തർ, ഡോ. മുസ്സമ്മിൽ ഷക്കീൽ എന്നിവരുമായി ഉമറിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം.
ഇവരെ പിടികൂടിയ വിവരം അറിഞ്ഞ് ഉമർ ഫരീദാബാദിൽനിന്ന് രക്ഷപ്പെ ടുകയായി രുന്നുവെന്നും അതേത്തുടർന്നാണ് സ്ഫോടനം നടത്തിയതെന്നുമാണ് സൂചനകൾ. ഉമറാണ് വാഹനം ഓടിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.
എച്ച്ആർ 26CE7674 എന്ന നമ്പർ പ്ലേറ്റുള്ള വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടയ്ക്കു സമീപമുള്ള പാർക്കിങ് സ്‌ഥലത്ത് പാർക്ക് ചെയ്തിരുന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്.
നീലയും കറുപ്പും കലർന്ന ടീ ഷർട്ടാണ് ഡ്രൈവർ ധരിച്ചിരുന്നത്. മൂന്നാമത്തെ ചിത്രത്തിൽ ദേശീയ തലസ്‌ഥാനത്തെ തിരക്കേറിയ റോഡിൽ കാർ കിടക്കുന്നതായി കാണാം. അതേസമയം, ഉമറിന്റെ അമ്മയെയും സഹോദരങ്ങളെയും പൊലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
2025 നവംബർ 10ന് വൈകിട്ട് 6.52ന് ചെങ്കോട്ട (ലാൽ ക്വില) മെട്രോ സ്‌റ്റേഷന്റെ ഗേറ്റ് നമ്പർ ഒന്നിനും നാലിനും ഇടയിലുള്ള റോഡിലാണ് ഹരിയാന റജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിച്ചത്.ഔദ്യോഗിക കണക്കുകൾ പ്രകാരം എട്ടു പേർ മരിച്ചു. 24 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
Delhi suicide attack: Investigation agency releases photo of Dr. Umar Mohammed











