പിക്കോള ബ്രീഡ്‌ലൗ എന്ന കറുത്ത പെണ്ണിന്റെ കഥയും ടോണി മോറിസണും: കേരള റൈറ്റേഴ്‌സ് ഫോറം ചര്‍ച്ച

പിക്കോള ബ്രീഡ്‌ലൗ എന്ന കറുത്ത പെണ്ണിന്റെ കഥയും ടോണി മോറിസണും: കേരള റൈറ്റേഴ്‌സ് ഫോറം ചര്‍ച്ച

ചെറിയാന്‍ മഠത്തിലേത്ത്

ഹൂസ്റ്റണ്‍: പ്രകൃതി ശീതകാലത്തിലേയ്ക്ക് സംക്രമണം ചെയ്യുന്ന മാസമാണ് നവംബര്‍. ഒട്ടേറെ വിശേഷ ദിവസങ്ങളാല്‍ സമ്പന്നമാണ് ഈ മാസം. 27-ന് നാം താങ്ക്‌സ് ഗിവിങ് ഡേ ആഘോഷിക്കുകയാണ്. ക്രിസ്മസിന്റെ ഉല്‍സവത്തിലേയ്ക്ക് ലോകം പതുക്കെ കടക്കാന്‍ പോകുന്നു. ഡേ ലൈറ്റ് സേവിങ് ടൈം സാധാരണ നിലയിലേയ്‌ക്കെത്തുന്നു. ഇതിനിടെ വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറം പതിവുപോലെ ചര്‍ച്ചകളും വിലയിരുത്തലുകളുമൊക്കെയായി സ്റ്റാഫോര്‍ഡിലെ കേരള റസ്റ്റോറന്റ് ആന്റ് ഇന്ത്യന്‍ ക്വസിനില്‍ ഒത്തുകൂടി.

കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ മീറ്റിങ്ങില്‍ ഇതാദ്യമായെത്തിയ ഡേവിഡ് കല്ലേല്‍, തോമസ് മാത്യു എന്നിവരെ യോഗത്തിലേയ്ക്ക് ഊഷ്മളമായി സ്വഗതം ചെയ്തു. തുടര്‍ന്ന് ബാബു കുരൂരിന്റെ ‘നിങ്ങളെന്നെ വേശ്യയാക്കി’ എന്ന കവിതയുടെ ചൊല്‍കാഴ്ചയായിരുന്നു. സാഹിത്യ നൊബേല്‍ പുരസ്‌കാരം (1993) നേടിയ ആദ്യ ആഫ്രിക്കന്‍ വനിതയായ ടോണി മോറിസന്റെ പുരസ്‌കാര കൃതിയായ ദി ബ്ലൂവെസ്റ്റ് ഐയെ കുറിച്ച് സുരേന്ദ്രന്‍ നായരുടെ പഠനമാണ് പിന്നീട് ചര്‍ച്ചയായത്.

നോവലിസ്റ്റ്, എഡിറ്റര്‍, പ്രൊഫസര്‍ എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജിച്ച ഈ അമേരിക്കന്‍ സാഹിത്യകാരിയുടെ എടുത്തു പറയേണ്ട സവിശേഷത മൂര്‍ച്ചയുള്ള സംഭാഷണങ്ങളും സൂക്ഷ്മതയാര്‍ന്ന കഥാപാത്ര സൃഷ്ടിയുമാണ്. എഴുപതുകളില്‍ ബ്ലാക്ക് അമേരിക്കന്‍ കമ്മ്യൂണിറ്റി നേരിടേണ്ടിവന്ന സാമൂഹിക അസമത്വങ്ങളുടെ നേര്‍കാഴ്ചയാണ് ദി ബ്ലൂവെസ്റ്റ് ഐ. വെളുത്ത തൊലിയാണ് സൗന്ദര്യമെന്ന മൂഢസങ്കല്‍പ്പത്തില്‍ അപകര്‍ഷതയനുഭവിക്കുന്ന പിക്കോള ബ്രീഡ്‌ലൗ എന്ന കറുത്ത പെണ്ണിന്റെ ലോകത്തിലൂടെയായിരുന്നു ദി ബ്ലൂവെസ്റ്റ് ഐ എന്ന നോവല്‍ സഞ്ചരിച്ചത്. കറുപ്പും വെളുപ്പം തമ്മില്‍ ഏറ്റുമുട്ടി കറുപ്പ് ദയനീയമായി മുറിവേറ്റ് പിടയുന്ന ലോകത്തിന്റെ വര്‍ണനയായിരുന്നു അത്.

ഒരുസമൂഹത്തെ ആട്ടിപ്പടക്കാനും അടിച്ചമര്‍ത്താനും പൈശാചികമായി ചിത്രീകരിക്കാനും നിറം മാത്രം കാരണമാവുന്നതിലെ പ്രതിഷേധമായും ടോണിയുടെ നോവലുകള്‍ വായിക്കപ്പെടുന്നുണ്ട്. നീലക്കണ്ണുണ്ടെങ്കില്‍ താന്‍ അനുഭവിക്കുന്ന സൗന്ദര്യമില്ലായ്മയെ മറികടക്കാമെന്ന് കരുതുന്ന പിക്കോള പിന്നീട് പിതാവിനാല്‍ ബലാല്‍ക്കാരം ചെയ്യപ്പെടുമ്പോഴും ഗര്‍ഭിണിയാകുമ്പോഴും ഭ്രാന്തിയാകുമ്പോഴുമെല്ലാം നോവലിസ്റ്റ് ചര്‍ച്ചചെയ്യുന്നതും കറുപ്പില്‍ അടിച്ചേല്‍പ്പിക്കുന്ന അപകര്‍ഷത തന്നെ. വംശവിവേചനത്തിന്റെ കനലുകളില്‍ ചാരം മൂടിക്കിടക്കുന്ന കാലത്തും യാഥാര്‍ഥ്യങ്ങളെക്കുറിച്ച് വിളിച്ചുപറയേണ്ടത് ഉത്തരവാദിത്വമാണെന്ന് കരുതിയ എഴുത്തുകാരിയായിരുന്നു ടോണി മോറിസണ്‍.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ മാത്യു നെല്ലിക്കുന്ന്, തോമസ് മാത്യു, എ.സി ജോര്‍ജ്, മാത്യു മത്തായി, വല്‍സമ്മ ജോണ്‍, ജോസഫ് തച്ചാറ, മോട്ടി മാത്യു, ഡോളി കാച്ചപ്പിള്ളി തുടങ്ങിയവര്‍ അഭിപ്രായം രേഖപ്പെടുത്തി. സുരേന്ദ്രന്‍ നായര്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

റവ. ഡോ. തോമസ് അമ്പലവേലില്‍, ‘A brief Study – Indian Americans in Modern Era’ എന്ന പ്രബന്ധം അവതരിപ്പിച്ചു. ഇതിന്റെ പകര്‍പ്പുകള്‍ ഡിസംബര്‍ മസത്തിലെ വിപുലമായ ചര്‍ച്ചയ്ക്കായി അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. യോഗത്തില്‍ അധ്യക്ഷത വഹിച്ച ജോണ്‍ മാത്യു സാഹിത്യ ചര്‍ച്ചയുടെ മോഡറേറ്ററുമായി. ഏവരെയും അദ്ദേഹം സ്വാഗതം ചെയ്തു. കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ അടുത്ത പുസ്തകത്തിന്റെ എഡിറ്റിങ് ജോലികള്‍ പുരോഗമിച്ചുവരികയാണെന്ന് പബ്‌ളീഷിങ് കോ-ഓര്‍ഡിനേറ്റര്‍ മാത്യു നെല്ലിക്കുന്ന് അറിയിച്ചു. സെക്രട്ടറി മോട്ടി മാത്യു ഏവര്‍ക്കും നന്ദി പറഞ്ഞു.


ഫോട്ടോ: മോട്ടി മാത്യു

Discussion on Tony Morision’s The Blest Eye at Kerala Writers Forum Houston

Share Email
Top