പാലക്കാട്: യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി ഉയർന്നതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കി ഡി.വൈ.എഫ്.ഐ. എം.എൽ.എയുടെ പാലക്കാടുള്ള ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.
‘പീഡന വീരന് ആദരാഞ്ജലികൾ’ എന്ന് എഴുതിയ റീത്തുമായാണ് പ്രവർത്തകർ എം.എൽ.എ ഓഫീസിലേക്ക് എത്തിയത്.
ഓഫീസ് വളപ്പിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഓഫീസ് പരിസരത്ത് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. എം.എൽ.എ ഉടൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.ഐ. പാലക്കാട് ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
പരാതി ഉയർന്നതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണെന്നും, എം.എൽ.എയുടെ ഓഫീസ് അടഞ്ഞുകിടക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി നേരിട്ടെത്തി മുഖ്യമന്ത്രിക്ക് നൽകിയ ലൈംഗിക പീഡന പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. വാട്ട്‌സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ യുവതി കൈമാറിയതോടെയാണ് കേസിൽ നിയമക്കുരുക്ക് മുറുകിയത്. കേസ് പ്രത്യേക സംഘം അന്വേഷിക്കാനാണ് തീരുമാനം.













