അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തം ഇന്നും ആർക്കും മറക്കാൻ കഴിയാത്ത ദുരന്തമാണ്. വിമാനത്തിലുണ്ടായിരുന്ന 241 പേരുടെയും താഴെയുണ്ടായിരുന്ന 19 പേരുടെയും ജീവനെടുത്ത എയർ ഇന്ത്യ വിമാനത്തിൽ നിന്നും ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. 40-കാരനായ വിശ്വസ് കുമാർ രമേശ്.
ജൂൺ 12 ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം ലണ്ടനിലേക്ക് പോകേണ്ട ബോയിംഗ് 787 ഡ്രീംലൈനർ വിമാനമാണേ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റൽ കെട്ടിടത്തിലേക്ക് ഇടിച്ചിറങ്ങിയത്. വിമാനത്തിലുണ്ടായിരുന്ന 241 പേരിൽ, എമർജൻസി എക്സിറ്റിന് അടുത്തുള്ള 11 എ സീറ്റിലിരുന്ന രമേശ് മാത്രമാണ് ജീവനോടെ പുറത്തിറങ്ങിയത്. ഏതാനും സീറ്റുകൾ അകലെ ഇരുന്ന അദ്ദേഹത്തിന്റെ അനുജൻ അജയ് അപകടത്തിൽ മരിച്ചു. എന്നാൽ എല്ലാവരും ഭാഗ്യവാൻ എന്ന് വിശേഷിപ്പിച്ച ആ ആൾ അങ്ങനെയല്ലെന്ന് പറയുകയാണ്.
വിശ്വസ് കുമാർ രമേശ് ബിബിസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
‘ഞാൻ മാത്രമാണ് രക്ഷപ്പെട്ടത്. ഇപ്പോഴും എനിക്കത് വിശ്വസിക്കാൻ കഴിയുന്നില്ല. ഇത് ഒരു അത്ഭുതമാണ്,എന്റെ അനിയനെയും എനിക്ക് നഷ്ടപ്പെട്ടു. എന്റെ അനിയനായിരുന്നു എന്റെ നട്ടെല്ല്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവൻ എന്തിനും എനിക്ക് ഒപ്പം ഉണ്ടായിരുന്നത് അനിയനായിരുന്നു. ഇപ്പോൾ ഞാൻ ഒറ്റയ്ക്കാണ്. ഞാൻ മുറിയിൽ ഒറ്റയ്ക്ക് ഇരിക്കുന്നു, ഭാര്യയോടോ മകനോടോ സംസാരിക്കുന്നില്ല. വീട്ടിൽ തനിച്ചിരിക്കാനാണ് എനിക്കിഷ്ടം,” ശാരീരികമായും മാനസികമായും തകർന്നു. അതുപോലെ എന്റെ കുടുംബവും. കഴിഞ്ഞ നാല് മാസമായി എന്റെ അമ്മ എല്ലാ ദിവസവും വാതിലിനു പുറത്ത് ഇരിക്കുന്നു. ഒന്നും സംസാരിക്കുന്നില്ല, ഞാനും മറ്റാരോടും സംസാരിക്കുന്നില്ല. എനിക്ക് അധികമൊന്നും സംസാരിക്കാൻ കഴിയില്ല. ഞാൻ രാത്രി മുഴുവൻ ചിന്തിക്കുകയാണ്, മാനസികമായി ഞാൻ കഷ്ടപ്പെടുന്നു. ഓരോ ദിവസവും കുടുംബാംഗങ്ങൾക്കെല്ലാം വേദനാജനകമാണ്. അന്ന് നടന്ന സംഭവങ്ങളുടെ ഓർമ്മകൾ വേട്ടയാടുകയാണ് എന്ന് ലെസ്റ്ററിലെ വീട്ടിലെത്തിയ രമേശ് പറയുന്നു.
ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ടുകൾ അനുസരിച്ച്, ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധന വിതരണം നിലച്ചതാണ് അപകടത്തിന് കാരണം. ഡ്രീംലൈനർ ഹോസ്റ്റലിന്റെ തെക്കേ ഭാഗത്തേക്ക് പതിച്ചപ്പോൾ വലിയ ശബ്ദവും തീഗോളവും കണ്ടതായി ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തു. സംഭവസ്ഥലത്തെ വീഡിയോകളിൽ, രമേശ് പുകച്ചുരുളുകൾ ആകാശത്തേക്ക് ഉയരുമ്പോൾ ഞെട്ടലോടെ, കരിപുരണ്ട്, തകർന്ന വിമാനത്തിൽ നിന്ന് നടന്നു നീങ്ങുന്ന ദൃശ്യങ്ങളുണ്ടായിരുന്നു.













