വാഷിംഗ്ടൺ: കോവിഡ് 19 വാക്സിനേഷൻ 10 കുട്ടികളുടെ മരണത്തിന് കാരണമായെന്ന് ആരോപിച്ച്, വാക്സിൻ അംഗീകാര പ്രക്രിയയിൽ മാറ്റം വരുത്താൻ പോവുകയാണെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ വെള്ളിയാഴ്ച അറിയിച്ചു. എഫ്ഡിഎയുടെ ചീഫ് മെഡിക്കൽ ആൻഡ് സയൻ്റിഫിക് ഓഫീസറും സെൻ്റർ ഫോർ ബയോളജിക്‌സ് ഇവാലുവേഷൻ ആൻഡ് റിസർച്ച് ഡയറക്‌ടറുമായ ഡോ. വിനയ് പ്രസാദ് ആണ് ഇക്കാര്യം അറിയിച്ചത്.
“മരണ സാധ്യത വളരെ കുറവായിരുന്ന ആരോഗ്യമുള്ള ചെറിയ കുട്ടികളെ, ബൈഡൻ ഭരണകൂടത്തിന്‍റെ നിർദ്ദേശപ്രകാരം, സ്കൂളുകളിലെയും ജോലിസ്ഥലത്തെയും നിർബന്ധിത വാക്സിനേഷനുകളിലൂടെ വാക്സിൻ സ്വീകരിക്കാൻ നിർബന്ധിച്ചു. ഇത് മരണത്തിൽ കലാശിച്ചേക്കാം.” എന്ന് അദ്ദേഹം പറഞ്ഞു.
പ്രസാദ് മരണങ്ങളെക്കുറിച്ചോ എഫ്ഡിഎ ഈ നിഗമനത്തിൽ എങ്ങനെ എത്തിയെന്നതിനെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ നൽകിയില്ല. എന്നാൽ 96 മരണങ്ങൾ പരിശോധിച്ച പ്രാരംഭ വിശകലനത്തിൽ 10 മരണങ്ങൾ കോവിഡ്-19 വാക്സിനേഷനുമായി ബന്ധിപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, കോവിഡ്-19 കുട്ടികൾക്ക് ഒരിക്കലും ഉയർന്ന മരണനിരക്ക് ഉണ്ടാക്കുന്നതായിരുന്നില്ലെന്നും അതിൻ്റെ ഫലങ്ങൾ വാർഷിക വാക്സിനുകൾ ഇല്ലാത്ത ശ്വാസകോശ വൈറസുകളുടേതിന് താരതമ്യപ്പെടുത്താവുന്നതാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു.
“പല വാക്സിനുകളും ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചിട്ടുണ്ട് എന്നതിൽ എനിക്ക് സംശയമില്ല, പലതിൻ്റെയും പ്രയോജനങ്ങൾ അപകടസാധ്യതകളെക്കാൾ വളരെ കൂടുതലാണ്. എന്നാൽ വാക്സിനുകൾ മറ്റ് മെഡിക്കൽ ഉൽപ്പന്നങ്ങൾ പോലെയാണ്,” പ്രസാദ് പറഞ്ഞു. “ശരിയായ സമയത്ത് ശരിയായ രോഗിക്ക് നൽകുന്ന ശരിയായ മരുന്ന് മികച്ചതാണ്, എന്നാൽ അതേ മരുന്ന് അനുചിതമായി നൽകിയാൽ ദോഷം വരുത്തും.” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













