മെക്സിക്കോ സിറ്റി: വടക്കൻ മെക്സിക്കോയിലെ ഒരു ജനറൽ സ്റ്റോറിലുണ്ടായ തീപിടിത്തത്തിൽ 23 പേർ മരിച്ചതായി സംസ്ഥാന ഗവർണർ ശനിയാഴ്ച അറിയിച്ചു. സോനോറ സംസ്ഥാന തലസ്ഥാനമായ ഹെർമോസില്ലോ നഗരത്തിലെ വാൾഡോസ് ശൃംഖലയുടെ ഒരു ഔട്ട്‌ലെറ്റിലാണ് തീപിടിത്തം ഉണ്ടായതെന്ന് ഗവർണർ അൽഫോൺസോ ദുറാസോ ഒരു ഓൺലൈൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
“ഇതുവരെ 23 പേർ മരിച്ചതായും നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള 11 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ദൗർഭാഗ്യവശാൽ, മരിച്ചവരിൽ പ്രായപൂർത്തിയാകാത്ത കുട്ടികളും ഉൾപ്പെടുന്നു,” അദ്ദേഹം അറിയിച്ചു. ഈ ദുരന്തം സോനോറയിലെ എല്ലാ ജനങ്ങൾക്കും കടുത്ത ദുഃഖം നൽകി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മരിച്ചവരിൽ 12 സ്ത്രീകളും അഞ്ച് പുരുഷന്മാരും നാല് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ഉൾപ്പെടുന്നതായി മെക്സിക്കൻ റെഡ് ക്രോസ് പ്രസിഡന്റ് കാർലോസ് ഫ്രീനറെ ഉദ്ധരിച്ച് പ്രാദേശിക റേഡിയോ സ്റ്റേഷനായ യൂണീറാഡിയോ സോനോറ റിപ്പോർട്ട് ചെയ്തു.
തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും മെക്സിക്കോ പ്രസിഡന്റ് ക്ലൗഡിയ ഷീൻബാം ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവരെയും കുടുംബങ്ങളെയും സഹായിക്കാൻ ഒരു സഹായ സംഘത്തെ അയയ്ക്കാൻ ആഭ്യന്തര സെക്രട്ടറി റോസ ഐസെല റോഡ്രിഗസിന് നിർദ്ദേശം നൽകിയെന്നും പ്രസിഡൻ്റ് പറഞ്ഞു. തീപിടിത്തത്തിന് കാരണം തീവെപ്പോ മറ്റ് മനഃപൂർവമുള്ള അക്രമമോ അല്ല എന്ന് സോനോറ പബ്ലിക് സെക്യൂരിറ്റി സെക്രട്ടേറിയറ്റ് എക്സിൽ അറിയിച്ചു. എന്നാൽ, തീപിടിത്തത്തിൻ്റെ യഥാർത്ഥ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.













