തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച ഉൾപ്പെടെയുള്ള വിവാദങ്ങൾക്കിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥരെ പരിഗണിക്കുന്നു. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ പേര് പ്രധാനമായും ഉയരുന്നുണ്ട്. ഇദ്ദേഹവുമായി സർക്കാർ വൃത്തങ്ങൾ അനൗദ്യോഗിക ചർച്ചകൾ നടത്തിയതായി സൂചനയുണ്ട്.
പ്രസിഡന്റിനെ തീരുമാനിച്ചെങ്കിലും ഇപ്പോൾ ഉയർന്നുകേൾക്കുന്ന പേരുകളല്ലെന്നും പുതിയ ആളായിരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. മണ്ഡല-മകരവിളക്ക് തീർഥാടനം നവംബർ 16ന് ആരംഭിക്കാനിരിക്കെ ബോർഡ് പുനഃസംഘടിപ്പിക്കാൻ തീവ്ര ചർച്ചകൾ നടക്കുന്നു.
മൂന്നോ നാലോ പേരുകൾ പരിഗണനയിലുണ്ടെന്നും കുവൈറ്റ് സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തിയാൽ അന്തിമ തീരുമാനമുണ്ടാകുമെന്നും ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ പരിഗണന.













