ടെല്‍ അവീവ്: പലസ്തീന്‍ തടവുകാരനെ ഇസ്രായേല്‍ സൈനികര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത വീഡിയോ ദൃശ്യങ്ങള്‍ പുറത്തായ സംഭവത്തില്‍ മുന്‍ ഇസ്രയേല്‍ സൈനീക പ്രോസിക്യൂട്ടര്‍ അറസ്റ്റില്‍. മേജര്‍ ജനറല്‍ യിഫാത്ത് ടോമര്‍ യെരുഷാല്‍മിയാണ് അറസ്റ്റിലായത്.
വീഡിയോ ചോര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കഴിഞ്ഞ ആഴ്ച ഇവര്‍ തന്റെ പദവിയില്‍ നിന്നും രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അറസ്റ്റ്. വീഡിയോ ദൃശ്യങ്ങള്‍ ചോര്‍ന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുത്തതായി ഇവര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. വീഡിയോ ചോര്‍ന്നതിനു പിന്നാലെ ഇസ്രയേലില്‍ ഭരണ പ്രതിപക്ഷ രാഷ്ട്രീയ വിവാദ ഏറ്റുമുട്ടല്‍ അതിരൂക്ഷമായിരുന്നു. ഒടുവിലാണ് ഇവരുടെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.
2024 ഓഗസ്റ്റില്‍ ഇസ്രായേലി വാര്‍ത്താ ചാനലില്‍ സംപ്രേഷണം ചെയ്ത ദൃശ്യങ്ങളാണ് വ്യാപക വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. തെക്കന്‍ ഇസ്രായേലിലെ എസ്ഡി ടൈമാന്‍ സൈനിക താവളത്തില്‍ സൈനികര്‍ ഒരു തടവുകാരനെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്. തടവുകാരനെ സൈനികര്‍ പിടിക്കുകയും കാഴ്ച മറയ്ക്കാന്‍ റയോട്ട് ഷീല്‍ഡുകള്‍ കൊണ്ട് വളയുകയും പിന്നീട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്ന വീഡിയോയാണ് പുറത്തു വന്നത്.
Former Israeli military prosecutor arrested over leaked video of brutal beating of Palestinian prisoners













