സിന്ധ് (പാകിസ്ഥാൻ): പാകിസ്ഥാനിലെ ഹൈദ്രാബാദിൽ അനധികൃത പടക്ക നിർമ്മാണ കേന്ദ്രത്തിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. ആറ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ലത്തീഫാബാദ് പോലീസ് സ്റ്റേഷൻ പരിധിയിൽ, ലഘാരി ഗോത്ത് നദിയുടെ തീരത്തുള്ള പടക്ക ഫാക്ടറിയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തെ തുടർന്ന് ഇവിടെ വൻ തീപിടിത്തമുണ്ടായി.
പൊള്ളലേറ്റ ആറ് പേരെയാണ് ലിയാഖത്ത് ആശുപത്രിയിൽ എത്തിച്ചതെന്ന് ഡ്യൂട്ടി ഡോക്ടർ അറിയിച്ചു. പരിക്കേറ്റവരിൽ രണ്ടു പേർക്ക് നൂറ് ശതമാനത്തോളം പൊള്ളലേറ്റ നിലയിലായിരുന്നു. ആശുപത്രിയിലെത്തിച്ചവരിൽ ഒരാൾ ചികിത്സയിലിരിക്കെ മരണപ്പെട്ടു. തിരിച്ചറിയാത്ത രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങളും പൂർണ്ണമായി കത്തിക്കരിഞ്ഞ നിലയിലുള്ള മറ്റൊരു മൃതദേഹവും മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അനധികൃതമായി ലൈസൻസ് ഇല്ലാത്ത ഒരു വീട്ടിലാണ് പടക്കങ്ങൾ നിർമ്മിച്ചിരുന്നതെന്ന് ലാത്തിഫാബാദ് അസിസ്റ്റൻ്റ് കമ്മീഷണർ പറഞ്ഞു. ഫാക്ടറിയുടെ ഉടമസ്ഥനെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി ഹൈദരാബാദ് സീനിയർ പോലീസ് സൂപ്രണ്ട് അദീൽ ചന്ദിയോ അറിയിച്ചു. സംഭവം നടന്നയുടൻ ആംബുലൻസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.












