ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷനിലുള്ള ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ ജനത അവരുടെ ശക്തി പൂര്‍ണമായും കാണിച്ചു. കഠിനാധ്വാനം ചെയ്താണ് ജനങ്ങളെ സന്തോഷിപ്പിക്കുകയും അവരുടെ ഹൃദയം കവരുകയും ചെയ്തത്. അതുകൊണ്ടാണ് ഒരിക്കല്‍ക്കൂടി ബിഹാര്‍ എന്‍ഡിഎ സര്‍ക്കാരിനെ തിരഞ്ഞെടുത്തതെന്നും മോദി പറഞ്ഞു. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകരെയും അനുഭാവികളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഹാര്‍ തിരഞ്ഞെടുപ്പ് ഒരു കാര്യംകൂടി തെളിയിച്ചിരിക്കുന്നു. ഇപ്പോള്‍ രാജ്യത്തെ വോട്ടര്‍മാര്‍, വിശിഷ്യാ യുവ വോട്ടര്‍മാര്‍, വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണത്തെ വളരെ ഗൗരവത്തോടെ കാണുന്നവരാണ്. ബിഹാറിലെ യുവജനങ്ങളും വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണത്തെ വലിയ തോതില്‍ പിന്തുണച്ചു. ജനാധിപത്യത്തിന്റെ പവിത്രതയ്ക്ക് ഓരോ വോട്ടറും പ്രധാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ മോദി പറഞ്ഞു.
ബിഹാര്‍ തിരഞ്ഞെടുപ്പ് വിജയം യുവാക്കള്‍ എസ്‌ഐആറിനെ പിന്തുണച്ചുവെന്നതിന്റെ തെളിവാണെന്നും വോട്ടര്‍പട്ടികയുടെ ശുദ്ധീകരണത്തെ പിന്തുണയ്‌ക്കേണ്ടത് ഓരോ രാഷ്ട്രീയപാര്‍ട്ടിയുടെയും കടമയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രസംഗത്തില്‍ ഭൂരിഭാഗം സമയവും തിരഞ്ഞെടുപ്പ് കമ്മിഷനെ പ്രശംസിക്കാനും രാഹുല്‍ ഗാന്ധിയുടെ വോട്ട് മോഷണം ആരോപണത്തെ പരിഹസിക്കാനുമാണ് മോദി സമയം ചെലവഴിച്ചത്.
ഈ തിരഞ്ഞെടുപ്പ് വിജയം ജനാധിപത്യത്തിന്റെയും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരുടെയും വിജയമാണെന്നും മോദി പറഞ്ഞു. ചിലര്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ ലക്ഷ്യംവെച്ചു. എന്നാല്‍ ഉയര്‍ന്ന പോളിങ് ശതമാനം തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ക്രിയാത്മകമായ ഒരു നിലപാടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വോട്ട് മോഷണം പോലുള്ള ആരോപണങ്ങള്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള തുടര്‍ച്ചയായുള്ള ആക്രമണങ്ങളുടെ ഭാഗമായാണ് ഉന്നയിക്കപ്പെട്ടത്. കോണ്‍ഗ്രസ് ഒരു പരാദ ജീവിയാണ്. ഒരു സഖ്യത്തിലേക്ക് ഒരു സംഭാവനയും നല്‍കാതെ മറ്റുള്ളവരുടെ വോട്ടുകള്‍ മാത്രം ആഗ്രഹിക്കുന്ന ആ പാര്‍ട്ടിയെ സഖ്യകക്ഷികള്‍ സൂക്ഷിക്കണമെന്നും മോദി പറഞ്ഞു.
Ganga will flow through Bihar and reach Bengal: Modi












