യാദ്ഗിരി (കർണാടക): കർണാടകയിലെ യാദ്ഗിരി ജില്ലയിൽ സാമൂഹ്യ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥയെ പട്ടാപ്പകൽ ക്വട്ടേഷൻ സംഘം വെട്ടിക്കൊന്നു. യാദ്ഗിരിയിൽ സാമൂഹ്യ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥയായിരുന്ന അഞ്ജലി കമ്മാനൂർ ആണ് ആക്രമിക്കപ്പെട്ട് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. അഞ്ജലിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ അതേ ക്വട്ടേഷൻ സംഘം തന്നെയാണ് ഈ കൊലപാതകത്തിന് പിന്നിലെന്നും പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബുധനാഴ്ച പട്ടാപ്പകൽ നടുറോഡിൽ കാർ തടഞ്ഞുനിർത്തി നാലംഗ ക്വട്ടേഷൻ സംഘം മാരകായുധങ്ങളുമായി അഞ്ജലിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ജലി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. യാദ്ഗിരി ജില്ലയിൽ സാമൂഹ്യ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥയായി അഞ്ജലി ജോലിയിൽ പ്രവേശിച്ചിട്ട് അധികമായിട്ടില്ല. ജോലി സ്ഥലത്തേക്ക് കാറിൽ വരുന്നതിനിടെയാണ് ബുധനാഴ്ച ആക്രമണം നടന്നത്.
അഞ്ജലി നേരത്തെ സമീപ ജില്ലയായ കലബുറഗിയിലെ ഷഹബാദ് മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവും ഇതേ മുനിസിപ്പൽ കൗൺസിലിന്റെ മുൻ പ്രസിഡന്റുമായിരുന്ന ഭർത്താവ് ഗിരീഷ് ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സർക്കാർ അഞ്ജലിക്ക് ജോലി നൽകിയത്. ഭർത്താവിന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവർ തന്നെയാണ് അഞ്ജലിയുടെ കൊലപാതകത്തിന് പിന്നിലും ക്വട്ടേഷൻ നൽകിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.












