തിരുവനന്തപുരം:ശിശുദിനത്തില്‍ രാജ്ഭവനില്‍ വേറിട്ട ആഘോഷത്തിന് സാക്ഷ്യം വഹിച്ചു ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ദിവ്യാംഗരായ ഏകദേശം നാല്പതോളം കുട്ടികളോടൊത്ത് രാജ്ഭവന്‍, ശിശുദിനാഘോഷത്തില്‍ നിറഞ്ഞുനിന്നു. പാട്ടും കളിയും ചിരിയും പങ്കുവച്ച് കുട്ടികള്‍ സന്തോഷ നിമിഷങ്ങള്‍ സൃഷ്ടിച്ചു.
മാര്‍ത്തോമാ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തടിയൂരിലെ റിഹാബിലിറ്റേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് സെന്ററിലെ കുട്ടികളാണ് രാജ്ഭവനില്‍ എത്തിയത്. ദിവ്യാംഗ കുട്ടികള്‍ക്ക് കരുണയല്ല, അവസരങ്ങളാണ് ആവശ്യമെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
”ദൈവം ഇവര്‍ക്കു പ്രത്യേക കഴിവുകള്‍ നല്‍കിയിട്ടുണ്ട്. അവ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. നമ്മള്‍ അവര്‍ക്കായി അവസരങ്ങള്‍ സൃഷ്ടിക്കണം; അവര്‍ സ്വയം ഉയര്‍ന്ന് വരും.” ഗവര്‍ണര്‍ പറഞ്ഞു.
ദിവ്യാംഗ കുട്ടികളുടെ സംരക്ഷണ-പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വര്‍ഷത്തിലെ ഓരോ ദിവസവും ബാലദിനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗോവയില്‍ താന്‍ മേല്‍നോട്ടം വഹിച്ചിരുന്ന ദിവ്യാംഗ കുട്ടികളുടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ഓര്‍മ്മപ്പെടുത്തി. വിദ്യാലയത്തിലെ കുട്ടികള്‍ നിര്‍മ്മിച്ച ദീപാവലി അലങ്കാരങ്ങളും, ആശംസാകാര്‍ഡുകളും പൊതുജനങ്ങള്‍ക്ക് വില്‍പ്പനയ്ക്കായി അവസരമൊരുക്കിയപ്പോള്‍, കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ 35,000 രൂപയുടെ വിറ്റുവരവ് ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
”ജനങ്ങള്‍ അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് സന്തോഷത്തോടെ വാങ്ങി. മുഴുവന്‍ തുകയും കുട്ടികളുടെ ക്ഷേമത്തിനായി വിനിയോഗിക്കപ്പെട്ടു,” ഗവര്‍ണര്‍ പറഞ്ഞു.
ദിവ്യാംഗ കുട്ടികളെ സമൂഹത്തിന്റെ അവിഭാജ്യഘടകങ്ങളായി കണ്ട് അവരെ പിന്തുണയ്‌ക്കേണ്ടത് ഒരു മാനുഷിക കടമയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
”ഇവരെ സേവിക്കാനുള്ള അവസരം ദൈവം തന്നതാണ്; അത് നിര്‍വഹിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്,” എന്നും ആര്‍ലേക്കര്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, ഫാ. സുനില്‍ മാത്യു, ഡോ. കെ.കെ. ജോണ്‍സണ്‍, അഡ്വ. ഏബ്രഹാം മാത്യു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
Governor witnesses special celebration at Raj Bhavan on Children’s Day













