സൈമണ്‍ വളാച്ചേരില്‍ – ചീഫ് എഡിറ്റര്‍
നന്ദി, അത് പ്രകടിപ്പിക്കുന്ന ആള്‍ക്കു മാത്രമല്ല സ്വീകരിക്കുന്ന വ്യക്തിക്കും വലിയ സന്തോഷം നല്‍കുമെന്ന് ടെക്‌സാസ് സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെട്ട ഗവേഷക സംഘം വ്യക്തമാക്കിയിട്ടുണ്ട്. ”നന്ദി എന്ന കൊച്ചു വാക്കിന്റെ ആരോഗ്യ ദായകമായ വശമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. നന്ദി പറയാനും എഴുതാനും ഒരു സെക്കന്റിന്റെ നിസാര അംശം മതി. ഒരു ചെലവുമില്ലതാനും. എന്നാല്‍ അതിന്റെ ഗുണഫലം വിലമതിക്കാനാവാത്തതാണ്. നന്ദി പറഞ്ഞവര്‍ക്കും നന്ദിവാക്ക് ലഭിച്ചവര്‍ക്കും സന്തോഷവും മാനസികാരോഗ്യവും സൗഖ്യവും ആയിരിക്കും ലഭിക്കുന്നത്.
ജീവിതത്തില്‍ സംഭവിച്ച നല്ല കാര്യങ്ങള്‍ക്ക് നന്ദി പറയാന്‍ വേണ്ടി മാത്രമായൊരു ദിനമുണ്ടാവുക എന്നത് മഹത്തായ കാര്യമാണ്. ആ ദിനമാണ് വരുന്ന നവംബര്‍ 27 എന്ന ‘താങ്ക്‌സ് ഗിവിങ് ഡേ…’ ഉപകാരസ്മരണയ്ക്ക് വേണ്ടിയുള്ള ദിവസം. എല്ലാം നവംബറിലേയും നാലാമത്തെ വ്യാഴാഴ്ച ഉപകാരസ്മരണയുടേതാണ്. നമുക്കത് താങ്ക്‌സ് ഗിവിംഗ് ഡേ. പണ്ട് കാലത്ത് വന്‍ ആഘോഷമാകുന്ന വിളവെടുപ്പുകള്‍ക്ക് ശേഷം നന്ദി പറയാന്‍ ആളുകള്‍ ഒത്തുകൂടിയിരുന്നു. അന്നേ ദിവസം പ്രകൃതിക്കും ദൈവത്തിനും അവര്‍ നന്ദി പറഞ്ഞു. നന്ദിസൂചക പ്രാര്‍ത്ഥനകളും സമൃദ്ധമായ ഭക്ഷണം കഴിക്കലും ബന്ധുക്കളുടെ ഒത്തുചേരലുമൊക്കെയാണ് മതപരമല്ലാത്ത ഈ ദേശീയ അവധി ദിവസത്തെ സുന്ദരമാക്കുന്നത്.
നമ്മുടെ നിത്യജീവിതത്തില്‍ സംഭവിക്കുന്ന നെഗറ്റീവ് കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും നിരന്തരം അതേക്കുറിച്ച് ആശങ്കപ്പെടുകയും പരാതി പറയുകയുമൊക്കെ ചെയ്യുന്നത് വ്യക്തിയുടെ മാനസികാരോഗ്യത്തിന് ഗുണകരമല്ല. കാരണം അത് കടുത്ത നിരാശയ്ക്കും അകാരണമായ ഉത്കണ്ഠയ്ക്കും വിഷാദത്തിനുമൊക്കെ കാരണമാകും. കൃജ്ഞതയുള്ളവരായിരിക്കുക എന്നതാണ് ഈ നെഗറ്റീവ് ചിന്തയും ശീലവും മാറ്റാന്‍ നമുക്ക് ചെയ്യാനാകുന്ന ഒരേയൊരു കാര്യം. ജീവിതത്തിലെ നല്ല കാര്യങ്ങള്‍ തിരിച്ചറിയുകയും അവയെ അഭിനന്ദിക്കുകയും ചെയ്യുക എന്നത് ഒരാളുടെ വ്യക്തിത്വത്തിന്റെ ബഹിര്‍സിഫുരണമാണ്. അതിലൂടെ ഒരാളുടെ മാനസികാരോഗ്യവും ക്ഷേമവുമെല്ലാം മെച്ചപ്പെടുകയും ചെയ്യും.
ഒരു ദിവസം നമ്മള്‍ ഒരുപാട് പേരോട് ”താങ്ക് യൂ…” എന്നു പറയുന്നു. ഈ വാക്കില്‍ സ്‌നേഹത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ആചാര മര്യാദയുടെയും മാന്യമായ പെരുമാറ്റത്തിന്റെയും അടിയുറച്ച ശീലം നിഴലിക്കുന്നുണ്ട്. ഇനിയും നമുക്കൊരുപാട് പേരോട് നന്ദി പറയുവാനുണ്ട്. ലോകമിങ്ങനെ അനസ്യൂതം കടന്നു പോകുമ്പോള്‍ പ്രാര്‍ത്ഥനകളിലൂടെ ദൈവാനുഗ്രഹത്തിന്റെ ചൈതന്യം നമ്മിലേക്കെത്തിച്ചു തന്ന ഏവരോടും നന്ദി ചൊല്ലേണ്ടതുണ്ട്. എല്ലാറ്റിനും ഉപരിയായി നമ്മെ സ്വസ്ഥമായി ജീവിക്കാന്‍ തുണയേകുന്ന അദൃശമായ ശക്തിക്ക് മുന്നിലും കൃതജ്ഞതയുടെ വാക്കുകള്‍ അടിയറ വയ്‌ക്കേണ്ടതുണ്ട്.
നന്ദി എന്നത് കേവലം ഉപചാര വാക്കല്ല. അത് സുഖദുഖ സമ്മിശ്രമായ ഘട്ടങ്ങളില്‍ നമ്മെ കൈ പിടിച്ച് ജീവിതത്തിലേക്ക് അടുപ്പിച്ചവര്‍ക്കുള്ള മനസ്സിന്റെ പ്രകാശനമാണ്. മാതാപിതാക്കളും സഹോദരങ്ങളും ബന്ധുമിത്രാദികളും ഏറെ പ്രിയപ്പെട്ടവരും എല്ലാദിവസവും കണ്ടുമുട്ടുന്നവരും നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ നിന്നുള്ള നന്ദി അവകാശപ്പെട്ടവരാണ്. അത് യഥാസമയം മനസറിഞ്ഞ്, ഹൃദയം തുറന്ന് പ്രകടിപ്പിക്കുക തന്നെ വേണം.
ജീവിതത്തിലെ ചെറിയ കാര്യങ്ങളില്‍ പോലും ശ്രദ്ധ ചെലുത്തുക, നിങ്ങളെ സഹായിച്ചതിന് മറ്റുള്ളവര്‍ക്ക് നന്ദി പറയുക, മറ്റുള്ളവര്‍ക്ക് എന്തെങ്കിലും നന്‍മ ചെയ്യുക തുടങ്ങി നന്ദിയുള്ളവരായിരിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. നേര്‍കാഴ്ചയുടെ മാന്യ വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി ചൊല്ലുന്നു. നാളത്തെ സ്‌നേഹത്തിന്റെ പൊന്‍പുലരിയിലേയ്ക്കിതാ കൃതജ്ഞതയുടെ ഒരുപിടി നറുമലരുകള്‍.
”ഹാപ്പി താങ്ക്‌സ് ഗിവിങ് ഡേ…”
Happy Thanks Giving Day to all dear readers and well wishers of Nerkazhcha













