ക്രിപ്‌റ്റോ മറവിൽ കേരളത്തിലേക്ക് 300 കോടിയുടെ ഹവാല; നൂറുകണക്കിന് ആളുകളുടെ ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്തു

ക്രിപ്‌റ്റോ മറവിൽ കേരളത്തിലേക്ക് 300 കോടിയുടെ ഹവാല; നൂറുകണക്കിന് ആളുകളുടെ ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്തു

കൊച്ചി: ക്രിപ്‌റ്റോ കറൻസിയുടെ മറവിൽ കേരളത്തിലേക്ക് 300 കോടി രൂപയുടെ വൻ ഹവാല ഇടപാട് നടന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തി. കൊച്ചി യൂണിറ്റിലെ ഇൻകം ടാക്‌സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം മലപ്പുറത്തും കോഴിക്കോടും നടത്തിയ മിന്നൽ റെയ്ഡുകളിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തൽ. ഇന്തോനേഷ്യ, സൗദി അറേബ്യ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചാണ് ക്രിപ്‌റ്റോ കറൻസിയായി ഹവാല പണം സംസ്ഥാനത്തേക്ക് എത്തിക്കുന്നത്. പിന്നീട് ഇത് നൂറുകണക്കിന് ആളുകളുടെ ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്ത് പണമായി മാറ്റുകയായിരുന്നു.

ബാങ്ക് അക്കൗണ്ട് ഉടമകളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ അക്കൗണ്ടുകൾ ഹവാല സംഘം ദുരുപയോഗം ചെയ്തതെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശികളായ മുഹമ്മദലി മാളിയേക്കൽ, റാഷിദ് എന്നിവരാണ് ഈ ഹവാല സംഘത്തെ നിയന്ത്രിക്കുന്നതെന്ന് ഇൻകം ടാക്‌സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കണ്ടെത്തി. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന തുടരുകയാണ്. വിദ്യാർഥികളുടെ അക്കൗണ്ടുകൾ വഴി ഇത്തരത്തിൽ ക്രിപ്‌റ്റോ ഹവാല തട്ടിപ്പ് നടക്കുന്നതായി നേരത്തെ ഭോപ്പാലിൽ റിപ്പോർട്ട് ചെയ്തിരുന്നു.

പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്

സ്വന്തം ആവശ്യങ്ങൾക്കല്ലാതെ വ്യക്തിഗത കെ വൈ സി (KYC) വിവരങ്ങൾ മറ്റാർക്കും കൈമാറരുതെന്ന് ആദായനികുതി വകുപ്പ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം വിവരങ്ങൾ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കായി ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

നേരത്തേയും വൻ ഹവാല ഇടപാട്

ഈ വർഷം ജനുവരിയിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലും സമാനമായ വിവരങ്ങൾ പുറത്തുവന്നിരുന്നു. 1500-ൽ അധികം അക്കൗണ്ടുകൾ വഴിയുള്ള വൻതോതിലുള്ള ക്രിപ്‌റ്റോ കറൻസി ഇടപാടുകളാണ് അന്ന് കണ്ടെത്തിയത്. ഈ ഇടപാടുകളിലൂടെ കോടിക്കണക്കിന് രൂപ കള്ളപ്പണമായി ദുബായിലേക്ക് കടത്തിയെന്നായിരുന്നു കണ്ടെത്തൽ. വിദേശനാണ്യ വിനിമയ ചട്ടം (FEMA), കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PMLA) എന്നിവ പ്രകാരം നിയമവിരുദ്ധമായ ‘ഹവാല’ ഇടപാടുകളാണ് ഇത്തരം ക്രിപ്‌റ്റോ കറൻസി ഇടപാടുകൾക്ക് പിന്നിൽ.

ജനുവരിയിൽ കോഴിക്കോട്ടെ ഒരു സ്ഥാപനമുൾപ്പെടെ സംസ്ഥാനത്തെ അഞ്ച് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. അന്ന് പിടിച്ചെടുത്ത ഹവാല പണത്തിന് തീവ്രവാദ സംഘടനകളുമായുള്ള ബന്ധം ഉൾപ്പെടെ അന്വേഷിച്ചിരുന്നു. അനൗദ്യോഗിക മാർഗ്ഗങ്ങളിലൂടെ പണം കൈമാറ്റം ചെയ്യുന്ന ‘ഹവാല’ ഇടപാടുകളുടെ പ്രധാന കേന്ദ്രമായി കൊച്ചി നഗരം മാറിയിട്ടുണ്ട്. ഇവിടെ പ്രതിദിനം ഏകദേശം 50 കോടി രൂപയുടെ ഇടപാടുകൾ നടക്കുന്നുണ്ടെന്നാണ് കണക്ക്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, കൊല്ലം ജില്ലകളും ഹവാല ഇടപാടുകളിൽ പ്രധാന പങ്കുവഹിക്കുന്നതായി കേരള പോലീസ് ഇൻ്റലിജൻസ് വിഭാഗം വിലയിരുത്തുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മലപ്പുറം ജില്ലയിൽ നിന്ന് മാത്രം 150 കിലോഗ്രാം സ്വർണവും 123 കോടി രൂപയുടെ ഹവാല പണവും സംസ്ഥാന പോലീസ് പിടിച്ചെടുത്തതായി മുഖ്യമന്ത്രി നിയമസഭയിൽ വെളിപ്പെടുത്തിയിരുന്നു. ഹവാല പണത്തിൻ്റെ വലിയൊരു പങ്കും സംസ്ഥാനത്തേക്ക് തന്നെയാണ് എത്തുന്നതെന്നും, കൂടുതൽ പിടിച്ചെടുക്കലുകൾ മലപ്പുറം ജില്ലയിലാണ് നടക്കുന്നതെന്നും പോലീസ് കണക്കുകൾ സൂചിപ്പിക്കുന്നു.

Income Tax Uncovers ₹300 Crore Crypto Hawala Racket in Kerala; Hundreds of Bank Accounts Misused

Share Email
LATEST
More Articles
Top