ഡൽഹി: രാജ്യത്തെ നിലവിലുള്ള തൊഴിൽ നിയമങ്ങൾക്ക് പകരമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന നാലു പുതിയ ലേബർ കോഡുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. 2020-ൽ പാർലമെന്റ് പാസാക്കിയ തൊഴിൽ ചട്ടങ്ങൾ രാജ്യത്തെ തൊഴിലാളികൾക്കും വ്യവസായ മേഖലയ്ക്കും ഒരുപോലെ പ്രയോജനകരമാകുന്ന പരിഷ്കാരങ്ങളാണ് ലക്ഷ്യമിടുന്നത്. പഴയ തൊഴിൽ നിയമങ്ങളെ ഏകീകരിച്ചാണ് പുതിയ ചട്ടങ്ങൾ നിലവിൽ വരുന്നത്.
ഇന്നു മുതൽ രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതായി, കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ എക്‌സിലൂടെ അറിയിച്ചു. വേതനം സംബന്ധിച്ച കോഡ്, വ്യാവസായിക ബന്ധം സംബന്ധിച്ച കോഡ്, സാമൂഹിക സുരക്ഷ സംബന്ധിച്ച കോഡ്, തൊഴിൽപരമായ ആരോഗ്യം, സുരക്ഷ, ജോലി സാഹചര്യങ്ങൾ എന്നിവ സംബന്ധിച്ച കോഡ് എന്നിവയാണ് പ്രാബല്യത്തിൽ വന്നത്.
പുതിയ തൊഴിൽ കോഡുകൾ സാർവത്രിക സാമൂഹിക സുരക്ഷയ്ക്ക് ശക്തമായ അടിത്തറയായി വർത്തിക്കുമെന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. ഇത് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന, ഭാവിക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ നിർമ്മിക്കുമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.













