ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന ബംഗ്ലാദേശിന്റെ ഔദ്യോഗിക അഭ്യർത്ഥന ഇന്ത്യയുടെ പരിഗണനയിൽ. ഈ വിഷയത്തിൽ നിയമപരമായ കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ആഴ്ചയാണ് ‘മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ’ ആരോപിച്ച് ബംഗ്ലാദേശിലെ ഒരു പ്രത്യേക ട്രൈബ്യൂണൽ ഷെയ്ഖ് ഹസീനയെ വധശിക്ഷയ്ക്ക് വിധിച്ചത്. വിധി വന്നതിന് പിന്നാലെ, നിലവിലെ ബംഗ്ലാദേശ് ഇടക്കാല സർക്കാർ ഹസീനയെ രാജ്യത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയ്ക്ക് ഔദ്യോഗികമായി കത്തയക്കുകയായിരുന്നു.
നിലവിൽ ഇന്ത്യയിലാണ് ഷെയ്ഖ് ഹസീന കഴിയുന്നത്. നേരത്തെ ഹസീനയെ വിട്ടുകിട്ടാനായി ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ത്യ പ്രതികരിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി വിധി വന്നതിനാൽ സ്ഥിതി വ്യത്യസ്തമാണെന്നും ഇന്ത്യയുടെ അനുകൂല മറുപടി പ്രതീക്ഷിക്കുന്നതായും ബംഗ്ലാദേശ് അധികൃതർ അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള കൈമാറ്റ ഉടമ്പടി (Extradition Treaty) പ്രകാരമാണ് ബംഗ്ലാദേശ് അഭ്യർത്ഥന സമർപ്പിച്ചിട്ടുള്ളത്. എന്നാൽ, കേസിന്റെ രാഷ്ട്രീയ സ്വഭാവം കണക്കിലെടുത്താൽ ഹസീനയെ വിട്ടുനൽകാൻ ഇന്ത്യ തയ്യാറാകുമോ എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. നയതന്ത്രപരവും നിയമപരവുമായ എല്ലാ വശങ്ങളും സൂക്ഷ്മമായി പരിശോധിച്ച ശേഷമാകും ഇന്ത്യ അന്തിമ തീരുമാനമെടുക്കുക.













