ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ഐ.സി.ടി.) വധശിക്ഷ വിധിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഇന്ത്യ.
“മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ബന്ധപ്പെട്ട് ഇൻ്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലാദേശ് പ്രഖ്യാപിച്ച വിധി ഇന്ത്യയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അടുത്ത അയൽരാജ്യം എന്ന നിലയിൽ ബംഗ്ലാദേശിലെ ജനങ്ങളുടെ താൽപര്യങ്ങൾക്കായി ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. സമാധാനം, ജനാധിപത്യം, സ്ഥിരത എന്നിവ ഉൾപ്പെടുന്ന ലക്ഷ്യത്തിനായി എല്ലാ പങ്കാളികളുമായും എപ്പോഴും ക്രിയാത്മകമായി ഇടപെടും.” – ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.ഹസീനയെ ഉടൻ കൈമാറണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതികരണം. നിലവിൽ ഹസീന ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണ്.
ബംഗ്ലാദേശിൻ്റെ ആവശ്യം:
2024-ലെ വിദ്യാർത്ഥി പ്രക്ഷോഭത്തിനെതിരെ നടന്ന ആക്രമണക്കുറ്റത്തിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെയും മുൻ ആഭ്യന്തര മന്ത്രി അസദുസമാൻ ഖാൻ കമാലിനെയും വിട്ടുനൽകണമെന്ന് ബംഗ്ലാദേശ് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവർക്കും വധശിക്ഷ വിധിച്ച സാഹചര്യത്തിൽ, കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം ഇന്ത്യക്ക് ഇവരെ കൈമാറാൻ ബാധ്യതയുണ്ടെന്നും ബംഗ്ലാദേശ് വാദിക്കുന്നു.












