റായ്പുർ: മാവോവാദികളുടെ ചുവപ്പുപതാക മാറ്റി ത്രിവർണക്കൊടി സ്ഥാപിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഢിലെ നക്സലൈറ്റുകളുടെ കൂട്ടക്കീഴടങ്ങലും ആയുധം ഉപേക്ഷിച്ച് ഭരണഘടന അംഗീകരിച്ചതുമാണ് മാറ്റത്തിന് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടൽ നഗർ-നവ റായ്പുരിൽ രജത് മഹോത്സവത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബിജാപുരിലെ ചിക്കപാലി ഗ്രാമത്തിൽ 70 വർഷങ്ങൾക്ക് ശേഷം വൈദ്യുതി എത്തി. അബുജ്മറിൽ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യ സ്കൂൾ നിർമാണം പുരോഗമിക്കുന്നു. നക്സലിസം മൂലം 55 വർഷമായി ആദിവാസികൾ അനുഭവിച്ച കഷ്ടപ്പാടുകൾ വേദനാജനകമാണെന്ന് മോദി പറഞ്ഞു.
ഭരണഘടന പിന്തുടരുന്നതായി അവകാശപ്പെടുന്നവർ സ്വന്തം രാഷ്ട്രീയ ലാഭത്തിനായി ആദിവാസികൾക്കെതിരെ അനീതി കാട്ടിയെന്ന് ആരോപിച്ച മോദി, മാവോവാദം കാരണം റോഡ്, വിദ്യാഭ്യാസം, ആശുപത്രി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ എത്താതെ പോയതായും ചൂണ്ടിക്കാട്ടി. അധ്യാപകരെയും ഡോക്ടർമാരെയും കൊലപ്പെടുത്തിയത് നക്സലൈറ്റുകളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2014-ൽ അധികാരത്തിലെത്തിയപ്പോൾ മാവോവാദത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നു. പതിറ്റാണ്ടുകളായി ഭരിച്ചവർ ജനങ്ങളെ നശിക്കാൻ വിട്ട് എസി മുറികളിൽ ആസ്വദിച്ചു, എന്നാൽ മോദിക്ക് അത് സാധിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.













