ന്യൂജേഴ്‌സി : ആന്ധ്രാ സ്വദേശിനിയായ ശശികല നാരായും മകൻ അനീഷും ന്യൂജേഴ്‌സിയിലെ അപ്പാർട്ട്‌മെന്റിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത് എട്ട് വർഷം മുമ്പാണ്. ഈ സംഭവത്തിൽ ഒരു ഇന്ത്യൻ പൗരനെതിരെ കേസെടുത്തിരിക്കുകയാണ്. ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിലെ ശശികലയുടെ ഭർത്താവിന്റെ സഹപ്രവർത്തകനായിരുന്ന നസീർ ഹമീദ് ആണ് പ്രതിയെന്നും, ഇയാൾ കൊല്ലപ്പെട്ടവരുടെ വീടിനടുത്താണ് താമസിച്ചിരുന്നതെന്നുമാണ് പ്രോസിക്യൂട്ടർമാർ പറയുന്നത്.
കൊലപാതകത്തിന് ശേഷം ഹമീദ് ഇന്ത്യയിലേക്ക് കടന്നിരുന്നു. പ്രതിയുടെ കമ്പനി നൽകിയ ലാപ്ടോപ്പിൽ നിന്ന് അടുത്തിടെ ശേഖരിച്ച ഡി.എൻ.എ. സാമ്പിൾ സംഭവ സ്ഥലത്തുനിന്ന് ലഭിച്ച രക്തസാമ്പിളുമായി മാച്ച് ആയതോടെയാണ് ഇയാളെ കേസുമായി ബന്ധിപ്പിച്ചത്. ഇതേ തുടർന്ന് അധികൃതർ കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് ഇയാൾക്കെതിരെ കേസെടുക്കുകയും, അമേരിക്കയിലേക്ക് പ്രതിയെ കൈമാറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നതായി യു.എസ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
സംഭവം നടക്കുമ്പോൾ ഹമീദ് വിസയിൽ അമേരിക്കയിൽ ജോലി ചെയ്യുകയായിരുന്നുവെന്നും, അതിനുശേഷം ഇന്ത്യയിലേക്ക് മടങ്ങുകയും ഇവിടെ തുടരുകയുമായിരുന്നെന്നും ബർലിംഗ്ടൺ കൗണ്ടി പ്രോസിക്യൂട്ടർ ഓഫീസിലെ അന്വേഷണ മേധാവി പാട്രിക് തോൺടൺ മാധ്യമങ്ങളോട് പറഞ്ഞു.
2017 മാർച്ച് 23-നായിരുന്നു കൊലപാതകം. ഹനു നാരാ വീട്ടിൽ തിരിച്ചെത്തിയപ്പോൾ, മാപ്പിൾ ഷേഡിലെ ഫോക്സ് മെഡോ അപ്പാർട്ട്‌മെന്റിലെ വീട്ടിൽ 38 വയസ്സുള്ള ഭാര്യ ശശികലയെയും 6 വയസ്സുള്ള മകൻ അനീഷിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.













