ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ സുരക്ഷാ വീഴ്ച. മൊബൈൽ ഫോൺ ഉപയോഗിച്ച് തടവുകാർ. ബെംഗളൂരുവിലെ അതീവ സുരക്ഷാ ജയിലുകളിലൊന്നായ പരപ്പന അഗ്രഹാര ജയിലിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയും തടവുകാർക്ക് പ്രത്യേക പരിഗണന നൽകുന്നതിൻ്റെയും ആരോപണങ്ങൾ വീണ്ടും ശക്തമാവുകയാണ്. ജയിലിനുള്ളിൽ കുപ്രസിദ്ധരായ തടവുകാർ മൊബൈൽ ഫോണുകൾ ഉപയോഗിക്കുകയും ടെലിവിഷൻ കാണുകയും ചെയ്യുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമായത്. വീഡിയോകളിൽ കാണുന്നവരിൽ ഐസിസ് ഭീകരസംഘടനയുടെ കുപ്രസിദ്ധ റിക്രൂട്ടറായ ജുഹാദ് ഹമീദ് ഷക്കീൽ മന്ന, സീരിയൽ ബലാത്സംഗക്കേസ് പ്രതിയും കൊലയാളിയുമായ ഉമേഷ് റെഡ്ഡി എന്നിവർ ഉൾപ്പെടുന്നു. ഇവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ഉമേഷ് റെഡ്ഡി സെല്ലിനുള്ളിൽ ടെലിവിഷൻ കാണുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.ഈ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സുരക്ഷാ ആശങ്കകൾ വർധിച്ചു. ഷക്കീൽ മന്ന ജയിലിന് പുറത്തുള്ള തൻ്റെ സഹായികളുമായി ബന്ധപ്പെട്ടിരുന്നു എന്നും ആരോപണമുയർന്നിട്ടുണ്ട്. വീഡിയോയുടെ ആധികാരികത പരിശോധിക്കുന്നതിനും ഉത്തരവാദികളെ കണ്ടെത്താനുമായി ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി ജയിൽ അധികൃതർ അറിയിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വാർത്താ ഏജൻസിയോട് പ്രതികരിച്ചു.നിരവധി ഹൈ-റിസ്ക് തടവുകാരെ പാർപ്പിച്ചിട്ടുള്ള പരപ്പന അഗ്രഹാര ജയിലിന് സുരക്ഷാ വീഴ്ചകളുടെ പേരിൽ വിമർശനം നേരിടുന്നത് ഇത് ആദ്യമായല്ല. ഏതാനും മാസങ്ങൾക്കുമുമ്പ്, കൊലക്കേസ് പ്രതിയായ ‘ഗുബ്ബാച്ചി സീന’ എന്നറിയപ്പെടുന്ന ശ്രീനിവാസ് ജയിലിനുള്ളിൽ ജന്മദിനം ആഘോഷിക്കുന്നതിൻ്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത് വലിയ വിവാദമായിരുന്നു. കൂടാതെ, രേണുകാസ്വാമി കൊലക്കേസിൽ തടവിൽ കഴിയുന്ന കന്നഡ നടൻ ദർശൻ തോഗുദീപ് ജയിലിനുള്ളിൽ വിഐപി പരിഗണന സ്വീകരിക്കുന്നതിൻ്റെ ഫോട്ടോയും നേരത്തെ പുറത്തുവന്നിരുന്നു.