ഇന്ത്യ ഒരു ‘ആഗോള സൂപ്പർ പവർ’ ആണെന്നും, പ്രതിരോധം, നവീകരണം, ഭീകരവാദ വിരുദ്ധ പ്രവർത്തനം, വ്യാപാരം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മുമ്പത്തേക്കാളും ശക്തമാണെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയോൺ സാർ പറഞ്ഞു. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മധ്യേഷ്യയിലെ നിലവിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ ഇന്ത്യ-ഇസ്രായേൽ പങ്കാളിത്തത്തിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
പ്രതിരോധ സഹകരണങ്ങൾക്കായി ഇരു രാജ്യങ്ങളും ഒരു ധാരണാപത്രം ഒപ്പിടാൻ ഒരുങ്ങുകയാണെന്നും ഗിഡിയോൺ സാർ വെളിപ്പെടുത്തി. പ്രതിരോധം, കൃഷി, സമ്പദ്‌വ്യവസ്ഥ തുടങ്ങിയ മേഖലകളിൽ ഈ ബന്ധം ശക്തിപ്പെടുത്താൻ ഇസ്രായേൽ എപ്പോഴും ആഗ്രഹിക്കുന്നു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയും ഇസ്രായേലും ഒരേ വേദനയും അനുഭവവുമാണ് പങ്കുവെക്കുന്നത്. ലഷ്‌കർ-എ-തൊയ്ബയെ പോലുള്ള സംഘടനകളെ ഭീകരവാദ ഗ്രൂപ്പുകളായി കണക്കാക്കുകയും ഇന്റലിജൻസ്, സാങ്കേതികവിദ്യ, പ്രതിരോധം എന്നിവയിൽ അടുത്ത സഹകരണം പുലർത്തുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഭീകരതയെ നേരിടുന്നതിലെ തങ്ങളുടെ അനുഭവം ഇന്ത്യയുമായി പങ്കുവെക്കാൻ ഇസ്രായേൽ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.










