ഡിഎൻഎയുടെ ഘടനകണ്ടെത്തിയ ശാസ്ത്രജ്ഞരിൽ ഒരാളും നോബൽ സമ്മാന ജേതാവുമായ അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ 97 വയസ്സിൽ അന്തരിച്ചു.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായിരുന്നു അദ്ദേഹവും ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഫ്രാൻസിസ് ക്രിക്കും ചേർന്ന് 1953ൽ ഡിഎൻഎയുടെ ഇരട്ട-ഹെലിക്സ് ഘടന തിരിച്ചറിഞ്ഞത്. അതോടെ മോളിക്കുലാർ ബയോളജിയിൽ ദ്രുതഗതിയിലുള്ള പുരോഗതി ഉണ്ടായി.
ഡിഎൻഎയുടെ ഇരട്ട ഹെലിക്സ് ഘടന കണ്ടെത്തലിന് 1962-ൽ വാട്സൺ മൗറീസ് വിൽക്കിൻസിനും ക്രിക്കിനും ഒപ്പം നോബൽ സമ്മാനം പങ്കിട്ടു.
“ജീവന്റെ രഹസ്യം ഞങ്ങൾ കണ്ടെത്തി,” എന്നാണ് അന്ന് അവർ പറഞ്ഞത്.
ഇംഗ്ലീഷ്, സ്കോട്ടിഷ്, ഐറിഷ് കുടിയേറ്റക്കാരുടെ പിൻഗാമികളായ ജീൻ, ജെയിംസ് എന്നിവരുടെ മകനായി 1928 ഏപ്രിലിൽ ചിക്കാഗോയിൽ വാട്സൺ ജനിച്ചു.
15 വയസ്സുള്ളപ്പോൾ ചിക്കാഗോ സർവകലാശാലയിൽ പഠിക്കാൻ സ്കോളർഷിപ്പ് നേടി.
ഡിഎൻഎ ഘടനകളെക്കുറിച്ചുള്ള ഗവേഷണം തുടരാൻ, അദ്ദേഹം കേംബ്രിഡ്ജിലേക്ക് പോയി, അവിടെ അദ്ദേഹം ക്രിക്കിനെ കണ്ടുമുട്ടി, അദ്ദേഹത്തോടൊപ്പം ഡിഎൻഎയ്ക്ക് സാധ്യമായ ഘടനകളുടെ വലിയ തോതിലുള്ള മാതൃകകൾ നിർമ്മിക്കാൻ തുടങ്ങി.
പിന്നീട്, തന്റെ ശാസ്ത്രീയ കണ്ടെത്തലിനുശേഷം, വാട്സണും ഭാര്യ എലിസബത്തും ഹാർവാർഡിലേക്ക് താമസം മാറി, അവിടെ അദ്ദേഹം ജീവശാസ്ത്ര പ്രൊഫസറായിയിരുന്നു. ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്.
1968-ൽ, ന്യൂയോർക്ക് സ്റ്റേറ്റിലെ കോൾഡ് സ്പ്രിംഗ് ഹാർബർ ലബോറട്ടറി അദ്ദേഹം ഏറ്റെടുത്തു – ലോകത്തിലെ മുൻനിര ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിൽ ഒന്നായി അതിനെ ഉയർത്തി.
എന്നാൽ വംശത്തെയും ലൈംഗികതയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ അദ്ദേഹത്തിന്റെ പ്രശസ്തിക്കും സ്ഥാനത്തിനും വലിയ കോട്ടം വരുത്തി. ഒരു ടിവി പ്രോഗ്രാമിൽ, ഐക്യു ടെസ്റ്റുകളിൽ കറുത്തവരും വെളുത്തവരും തമ്മിലുള്ള വ്യത്യാസങ്ങൾക്ക് ജീനുകൾ കാരണമാകുന്നു എന്ന് അദ്ദേഹം പരാമർശിച്ചതാണ് വിവാദമായത്.
James Watson, the famous scientist who discovered the structure of DNA, has passed away












