വാഷിംഗ്ടൺ: ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപകമായ താരിഫ് പ്രയോഗം ബുധനാഴ്ച സുപ്രീം കോടതിയിൽ നിശിതമായ ചോദ്യം ചെയ്യപ്പെട്ടു.
അമേരിക്കയുടെ ഉൽപ്പാദന അടിത്തറ പുനഃസ്ഥാപിക്കുന്നതിനും വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും ഇറക്കുമതി തീരുവകൾ ആവശ്യമാണെന്ന പ്രസിഡന്റിൻ്റെ വാദത്തിൽ ഭൂരിപക്ഷം ജഡ്ജിമാരും സംശയം പ്രകടിപ്പിച്ചു.
ലെവികൾ ചുമത്തുന്നതിൽ പ്രസിഡന്റ് തന്റെ അധികാരം ദുർവിനിയോഗം ചെയ്തു എന്ന് വാദിക്കുന്ന നിരവധി ചെറുകിട ബിസിനസുകളും ഒരു കൂട്ടം സംസ്ഥാനങ്ങളും ഈ നടപടികളെ കോടതിയിൽ ചോദ്യം ചെയ്തിരിക്കുകയാണ്. റിപ്പബ്ളിക്കൻ അനുകൂലികൾക്ക് ഭൂരിപക്ഷമുള്ള സുപ്രീം കോടതിയിൽ നിന്നാണ് ട്രംപിന് അനുകൂലമല്ലാത്ത നിലപാട് ഉണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
നിയമം, ട്രംപിന് അടിയന്തര താരിഫുകൾ ചുമത്താൻ അധികാരം നൽകുന്നുണ്ടോ എന്നതടക്കമുള്ള നിരവധി വിഷയങ്ങളിൽ ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്‌സും ജസ്റ്റിസ് ആമി കോണി ബാരറ്റും ഭരണകൂടത്തെ ശക്തമായി ചോദ്യം ചെയ്തു.
പ്രസിഡൻ്റിന് ഇറക്കുമതിയെ നിയന്ത്രിക്കാൻ അനുമതി നൽകുന്ന നിയമത്തിലെ ഭാഷാ പ്രയോഗം, ഇറക്കുമതി തീരുവകളെ ന്യായീകരിക്കാൻ തക്ക വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടി റോബർട്ട്‌സ് ഭരണകൂടത്തിൻ്റെ പ്രധാന വാദങ്ങളെ തള്ളി. അതേസമയം, നിയന്ത്രിക്കുക എന്ന പദത്തിന് കീഴിൽ വിപുലമായ താരിഫുകൾ ഉൾപ്പെടുമെന്ന് കോടതി എപ്പോഴെങ്കിലും അഭിപ്രായപ്പെട്ടിട്ടുണ്ടോ എന്ന് ജസ്റ്റിസ് ബാരറ്റ് സോളിസിറ്റർ ജനറൽ ഡി. ജോൺ സൗറിനോട് ചോദിച്ചു.
നിയമത്തിന് മുൻപ് നിലവിലുണ്ടായിരുന്ന ഒരു വ്യവസ്ഥ ഉപയോഗിച്ച് മുൻ പ്രസിഡൻ്റ് റിച്ചാർഡ് നിക്സൺ താരിഫ് ചുമത്താൻ കോടതികൾ അനുവദിച്ചിരുന്നു എന്ന ഭരണകൂടത്തിൻ്റെ ചരിത്രപരമായ വാദത്തെക്കുറിച്ച് ജസ്റ്റിസ് ബ്രെറ്റ് കവനോയും സംശയം പ്രകടിപ്പിച്ചു.
Justices sharply question Trump tariffs in sUPREME cOURT













