തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഉദ്യോഗസ്ഥനുമായ കെ. ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് (ടി.ഡി.ബി.) പ്രസിഡന്റായി ചുമതലയേറ്റു. കെ. രാജു ദേവസ്വം ബോർഡ് അംഗമായും ചുമതലയേറ്റു. നവംബർ 15-ന് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ലളിതമായ ചടങ്ങിലാണ് ഇരുവരും സ്ഥാനമേറ്റെടുത്തത്.
മന്ത്രിമാരായ വി. ശിവൻകുട്ടി, വി. എൻ. വാസവൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ജി. ആർ. അനിൽ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാന സർക്കാരിന്റെ ഉന്നത പദവികളിൽ പ്രവർത്തിച്ച പരിചയവുമായാണ് കെ. ജയകുമാർ ദേവസ്വം ബോർഡിന്റെ തലപ്പത്തേക്ക് എത്തുന്നത്.
സംസ്ഥാന ചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷം മലയാളം സർവകലാശാല വൈസ് ചാൻസിലറായി പ്രവർത്തിച്ച അദ്ദേഹം നിലവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി.) ഡയറക്ടറാണ്. ബോർഡ് അംഗമായി ചുമതലയേറ്റ കെ. രാജു, മുൻപ് വനം, വന്യജീവി, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പുകളുടെ മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.













