തിരുവനന്തപുരം: സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനം പിആര്‍ സ്റ്റണ്ടാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ഈ പ്രഖ്യാപനത്തിലൂടെ അരികുവത്കരിക്കപ്പെട്ടൊരു ജനതയുടെ അവകാശങ്ങളെയാണ് സംസ്ഥാന സര്‍ക്കാര്‍ നിഷേധിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നില്‍ കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ് സര്‍ക്കാരിന്റേത്. അതിദരിദ്രരും ദരിദ്രരുമൊന്നുമില്ലാത്ത കേരളം എല്ലാവര്‍ക്കും അഭിമാനം തന്നെയാണ്. അതുപക്ഷേ, പാവങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടും കള്ളക്കണക്ക് അവതരിപ്പിച്ചും അല്ല സൃഷ്ടിക്കേണ്ടത്.വിശക്കുന്ന മനുഷ്യനെ തെരഞ്ഞെടുപ്പിനുള്ള പ്രചരണ ആയുധങ്ങളായി സര്‍ക്കാര്‍ കാണരുത്.ദരിദ്രരായ മനുഷ്യരുടെ ദുരിതപൂര്‍ണമായ ജീവിതം ലോകത്തിന് മുന്നില്‍ മറച്ചുപിടിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ മതില്‍ കെട്ടിയത് പോലെ നുണയുടെ ചീട്ടുകൊട്ടാരം കെട്ടിയുയര്‍ത്താണ് കേരള സര്‍ക്കാരിന്റെ അതിദാരിദ്ര്യ മുക്ത പ്രഖ്യാപനമെന്നും കെസി വേണുഗോപാല്‍ പരിഹസിച്ചു.
അതിദരിദ്രരില്ലാത്ത കേരളമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദം ശുദ്ധ തട്ടിപ്പും കബളിപ്പിക്കലുമാണ്. സംസ്ഥാനത്തെ അതിദരിദ്രരായ 5.29 ലക്ഷം മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അരിയും ഗോതമ്പും നല്‍കുമ്പോള്‍ എനെയാണ് സര്‍ക്കാരിന്റെ കണക്കില്‍ അതിദരിദ്രരുടെ എണ്ണം 64,006 കുറഞ്ഞതെന്ന് വ്യക്തമാക്കണം. മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി ലഭിക്കുന്ന സഹായങ്ങള്‍ നിഷേധിക്കുന്ന നടപടിയാണ് പിണറായി സര്‍ക്കാരിന്റേത്. എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ അതിദരിദ്രരുടെ എണ്ണവും സര്‍ക്കാരിന്റെ കണക്കും തമ്മില്‍ വലിയ പൊരുത്തകേടുണ്ട്. അതെങ്ങനെയാണ് ഇത്രവലിയമാറ്റം ഉണ്ടായതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. 2011 ലെ സെന്‍സസ് പ്രകാരം 1.16 ലക്ഷം ആദിവാസി കുടുംബങ്ങളിലായി 4.85 ലക്ഷം ആദിവാസികള്‍ കേരളത്തിലുണ്ട്. ഇവരില്‍ എത്രപേര്‍ അതിദാരിദ്ര്യം അനുഭവിക്കുന്ന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ മറുപടി പറയണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.













