തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ചരിത്രപരമായ പ്രഖ്യാപനം നടത്തി. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പ്രത്യേകമായി വിളിച്ചുചേർത്ത നിയമസഭാ സമ്മേളനത്തിലാണ് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി ഈ സുപ്രധാന പ്രസ്താവന നടത്തിയത്. “കേരളം ഒരു പുതുയുഗപ്പിറവിയിലാണ്” എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, ദാരിദ്ര്യനിർമാർജ്ജന പദ്ധതികളിൽ ഉൾപ്പെടാതെ പോയ അതിദരിദ്രരെ കണ്ടെത്തി അവർക്ക് ഭക്ഷണം, പാർപ്പിടം, ആരോഗ്യം, വരുമാനം എന്നിവ ഉറപ്പാക്കുന്ന സമഗ്രമായ പദ്ധതികൾ നടപ്പാക്കിയതിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്നും അറിയിച്ചു. അതിദരിദ്രരുടെ പുനരധിവാസത്തിനായി ലൈഫ് മിഷൻ വഴി വീടുകൾ നിർമ്മിച്ചതടക്കമുള്ള വിവരങ്ങളും മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ചു.
കേരളത്തിന്റെ ഈ പ്രഖ്യാപനം ലോക ജനാധിപത്യ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരധ്യായമാണെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ, പ്രതിപക്ഷം പ്രഖ്യാപനം ‘ശുദ്ധ തട്ടിപ്പാണെന്ന്’ ആരോപിച്ചു. സർക്കാരിന്റെ അവകാശവാദങ്ങൾ വസ്തുതാവിരുദ്ധമാണെന്നും, അതിദാരിദ്ര്യം പൂർണ്ണമായും ഇല്ലാതായിട്ടില്ലെന്നും പ്രതിപക്ഷം വിമർശിച്ചു. കൂടാതെ, ചട്ടങ്ങൾ ലംഘിച്ചാണ് ഈ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്തതെന്നും അവർ ആരോപിച്ചു.
സർക്കാരിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ്. പ്രത്യേക സഭാ സമ്മേളനം ബഹിഷ്കരിച്ചു. പ്രതിപക്ഷ എം.എൽ.എമാർ സഭാ കവാടത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രഖ്യാപനത്തിൻ്റെ ഔദ്യോഗിക ചടങ്ങ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുകയാണ്. ചലച്ചിത്രതാരമായ മമ്മൂട്ടി മുഖ്യാതിഥിയായി പങ്കെടുക്കുന്നു.













