തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്ര സർക്കാരിന് കത്തയച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് മന്ത്രിസഭാ യോഗത്തിൽ സുപ്രധാന തീരുമാനം അറിയിച്ചത്. പ്രധാനമന്ത്രി സ്‌കൂൾസ് ഫോർ റൈസിങ് ഇന്ത്യ എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതി സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയങ്ങൾക്കും നിലവിലെ ഘടനയ്ക്കും വിരുദ്ധമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. പദ്ധതി നടപ്പാക്കുന്നതിനെതിരെ നേരത്തെ തന്നെ സംസ്ഥാനത്ത് പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എൽഡിഎഫ് സർക്കാർ പദ്ധതിയിൽ പങ്കാളിയാകുന്നതിനെതിരെ വലിയ വിമർശനം ഉയർന്നു.
സംസ്ഥാനം കത്തയക്കുന്നതിൽ വന്ന കാലതാമസം സംബന്ധിച്ച് മുന്നണിയിൽ ശക്തമായ അതൃപ്തി നില നിന്നിരുന്നു. കത്ത് വൈകുന്നതിൽ പ്രതിഷേധിച്ചുകൊണ്ട് മന്ത്രിമാരായ കെ. രാജനും പി. പ്രസാദും മുഖ്യമന്ത്രിയെ നേരിൽ കണ്ട് പാർട്ടിയുടെ അതൃപ്തി അറിയിച്ചിരുന്നു. പദ്ധതിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് നേരത്തെ തീരുമാനമെടുത്തിട്ടും, ഔദ്യോഗികമായി കേന്ദ്രത്തെ അറിയിക്കുന്നത് വൈകുന്നത് ശക്തമായ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് കേന്ദ്രത്തിന് ഉടൻ കത്തയക്കാൻ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി തീരുമാനമെടുത്തത്.
പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളുടെ മെച്ചപ്പെടുത്തലിനായി കേന്ദ്രം സാമ്പത്തിക സഹായം നൽകുമെങ്കിലും, വിദ്യാഭ്യാസ സമ്പ്രദായത്തിൽ കേന്ദ്രത്തിന്റെ അനാവശ്യമായ ഇടപെടലുകൾക്ക് ഇത് വഴിവെക്കുമെന്ന ആശങ്ക കേരളത്തിനുണ്ടായിരുന്നു. ഇതേ തുടർന്നാണ്, പദ്ധതിയിൽ തുടർ നടപടികളൊന്നും വേണ്ടെന്ന് തീരുമാനിച്ചുകൊണ്ട് കേരളം കേന്ദ്രത്തിന് ഔദ്യോഗികമായി കത്ത് നൽകിയിരിക്കുന്നത്.













