കഴുത്തിന് പരിക്കേറ്റ് വിശ്രമത്തിലുള്ള ശുഭ്മാൻ ഗില്ലിന് പകരം കെ.എൽ. രാഹുൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കും. ദീർഘ ഇടവേളയ്ക്ക് ശേഷം ഋഷഭ് പന്ത് ഏകദിന ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസണിന് വീണ്ടും സ്ഥാനം നഷ്ടമായി. പന്തിനെയാണ് ഉപനായകനായി തിരഞ്ഞെടുത്തിരിക്കുന്നത്.
രോഹിത് ശർമ, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, ഋതുരാജ് ഗെയ്‌ക്‌വാദ്, രവീന്ദ്ര ജഡേജ തുടങ്ങിയ പ്രമുഖരെല്ലാം 15 അംഗ സ്‌ക്വാഡിലുണ്ട്. വിശ്രമം അനുവദിച്ച അക്ഷർ പട്ടേലിന് പകരം ജഡേജയെ ഉൾപ്പെടുത്തി. ഗില്ലിന്റെ അഭാവത്തിൽ രോഹിത്തിനെ തന്നെ ക്യാപ്റ്റനാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അജിത് അഗാർക്കർ അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി രാഹുലിനെ ചുമതല ഏൽപ്പിക്കുകയായിരുന്നു.
പരമ്പരയിലെ ആദ്യ മത്സരം നവംബർ 30-ന് റാഞ്ചിയിൽ നടക്കും. ഡിസംബർ 3-ന് റായ്പൂരിലും ഡിസംബർ 6-ന് വിശാഖപട്ടണത്തുമാണ് രണ്ടും മൂന്നും ഏകദിനങ്ങൾ. 2022-23 കാലയളവിൽ 12 ഏകദിനങ്ങളിൽ ഇന്ത്യയെ നയിച്ച പരിചയമാണ് രാഹുലിന് ഈ നിയമനത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.












