തിരുവനന്തപുരം: മട്ടന്നൂർ ഒഴികെയുള്ള കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് ചേർക്കാൻ നവംബർ 4, 5 തീയതികളിൽ അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു. 2025 ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെടാത്ത അർഹരായവർക്കാണ് ഈ സൗകര്യം. പ്രവാസി ഭാരതീയർക്കും പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ സമർപ്പിക്കാം.
അനർഹരെ ഒഴിവാക്കുന്നതിനും, നിലവിലുള്ള വിവരങ്ങൾ തിരുത്തുന്നതിനും, സ്ഥാനമാറ്റം വരുത്തുന്നതിനും ഇതേ ദിവസങ്ങളിൽ അപേക്ഷിക്കാവുന്നതാണ്. ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർ നടപടികൾ പൂർത്തിയാക്കി സപ്ലിമെന്ററി പട്ടിക നവംബർ 14ന് പ്രസിദ്ധീകരിക്കും. ഈ പട്ടികയുടെ പകർപ്പുകൾ അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് സൗജന്യമായി ലഭ്യമാക്കും.
2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് പൂർത്തിയാകുന്നവർക്ക് വോട്ടവകാശം ലഭിക്കും. പേര് ചേർക്കൽ, തിരുത്തൽ, സ്ഥാനമാറ്റം, പ്രവാസി രജിസ്ട്രേഷൻ എന്നിവയ്ക്ക് https://sec.kerala.gov.in വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം കംപ്യൂട്ടർ ജനറേറ്റഡ് ഹിയറിങ് നോട്ടിസ് ലഭിക്കും; നിർദിഷ്ട തീയതിയിൽ രേഖകളുമായി നേരിട്ട് ഹാജരാകണം. പേരൊഴിവാക്കലിനും അപേക്ഷാ സൗകര്യമുണ്ട്.













