പേരാമ്പ്ര സംഘർഷം: ഷാഫി പറമ്പിലിന് മർദനമേറ്റ സംഭവത്തിൽ ലോക്‌സഭാ സ്പീക്കറുടെ ഇടപെടൽ; കേന്ദ്രം റിപ്പോർട്ട് തേടി

പേരാമ്പ്ര സംഘർഷം: ഷാഫി പറമ്പിലിന് മർദനമേറ്റ സംഭവത്തിൽ ലോക്‌സഭാ സ്പീക്കറുടെ ഇടപെടൽ; കേന്ദ്രം റിപ്പോർട്ട് തേടി

കോഴിക്കോട് പേരാമ്പ്രയിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ എം.പി. ഷാഫി പറമ്പിലിന് മർദനമേറ്റ സംഭവത്തിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ ഇടപെടൽ. എം.പി. നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് വിശദമായ റിപ്പോർട്ട് തേടി. ഷാഫി പറമ്പിൽ നൽകിയ പരാതി പ്രിവിലേജ് കമ്മിറ്റി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. പോലീസുകാർ മനഃപൂർവം മർദിച്ചു എന്നും, അതിന് തെളിവുകൾ ഉണ്ടെന്നും അതിനാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് എം.പിയുടെ പരാതിയിലെ പ്രധാന ആവശ്യം.

ഷാഫി പറമ്പിൽ എം.പി. ലോക്‌സഭാ സ്പീക്കർക്ക് മുൻപാകെ രണ്ട് പരാതികളാണ് സമർപ്പിച്ചത്. സമാധാനപരമായി നടന്ന പരിപാടിയിൽ പോലീസ് അതിക്രമം കാണിക്കുകയും, താൻ ഒരു എം.പി. ആണെന്ന് അറിഞ്ഞിട്ടും മർദിക്കുകയും ചെയ്തു എന്ന് ആദ്യ പരാതിയിൽ പറയുന്നു. കോഴിക്കോട് റൂറൽ എസ്.പി. കെ.ഇ. ബൈജുവിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് എം.പി രണ്ടാമത്തെ പരാതി സമർപ്പിച്ചത്. സംഘർഷം നടന്ന ദിവസം രാത്രി എസ്.പി. തന്നെ വിളിച്ച് നടന്നത് ശരിയായ സംഭവമല്ലെന്ന് സമ്മതിച്ചു. എന്നാൽ പിറ്റേദിവസം അദ്ദേഹം ലാത്തിച്ചാർജ് നടന്നിട്ടില്ലെന്ന് പറഞ്ഞത് ഞെട്ടിക്കുന്നതായിരുന്നു എന്നും ഷാഫി പറമ്പിൽ പരാതിയിൽ ചൂണ്ടിക്കാട്ടി.

അതേസമയം, എം.പി.ക്കെതിരെ കേസ് നൽകാൻ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്ന് ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഷാഫി പറമ്പിലിന്റെ പരാതിയെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയ സാഹചര്യത്തിൽ, സംസ്ഥാന സർക്കാർ വിഷയത്തിൽ എടുക്കുന്ന തുടർ നിലപാടുകൾ നിർണായകമാകും.

Share Email
LATEST
More Articles
Top