തിരുവനന്തപുരം: തുടരുന്ന വിവാദങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും പിന്നാലെ കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിൽ വൻ അഴിച്ചുപണി. സെൽ ചെയർമാൻ വി.ടി. ബൽറാമിനെ മാറ്റി എറണാകുളം എംപി ഹൈബി ഈഡന് ചുമതല നൽകി. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് നടപടി. സെല്ലിന്റെ പേരും മാറ്റി – ഇനി മുതൽ ‘സോഷ്യൽ മീഡിയ സെൽ’ എന്നായിരിക്കും അറിയപ്പെടുക. ദേശീയ തലത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഇതേ പേരാണ് ഉപയോഗിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സൈബർ ആക്രമണം അതിരുവിട്ടതോടെയാണ് ദേശീയ നേതൃത്വം ഇടപെട്ടത്. നിലവിലുള്ള ടീം കാര്യക്ഷമമല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. ബീഡി-ബിഹാർ പോസ്റ്റ് വിവാദത്തിന് പിന്നാലെ ബൽറാം രാജി പ്രഖ്യാപിച്ചെങ്കിലും കെപിസിസി സ്വീകരിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശീയ നേതൃത്വത്തിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും പുതിയ ടീമിന്റെ പ്രവർത്തനം.
പ്രഫഷണൽ സംഘത്തെ നിയോഗിച്ച് സോഷ്യൽ മീഡിയ സെൽ ശക്തിപ്പെടുത്തുമെന്ന് ഹൈബി ഈഡൻ അറിയിച്ചു. കർശന മാർഗനിർദേശങ്ങളും നിയന്ത്രണ സംവിധാനങ്ങളും കൊണ്ടുവരും. സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മുതിർന്ന നേതാക്കളടങ്ങുന്ന മോണിറ്ററിങ് ടീം രൂപീകരിക്കുമെന്നും സൂചനയുണ്ട്.













