വർക്കല ട്രെയിൻ ആക്രമണം: പെൺകുട്ടിയെ രക്ഷിച്ച ‘ചുവപ്പ് ഷർട്ടുകാരനെ’ കണ്ടെത്തി; ബിഹാർ സ്വദേശി

വർക്കല ട്രെയിൻ ആക്രമണം: പെൺകുട്ടിയെ രക്ഷിച്ച ‘ചുവപ്പ് ഷർട്ടുകാരനെ’ കണ്ടെത്തി; ബിഹാർ സ്വദേശി

തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ, പ്രതിയെ കീഴ്പ്പെടുത്തിയ രക്ഷകനെ പോലീസ് കണ്ടെത്തി. ചുവപ്പ് ഷർട്ട് ധരിച്ചയാളാണ് രക്ഷകനെന്ന് തിരിച്ചറിഞ്ഞതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിഹാർ സ്വദേശിയായ ശങ്കർ ബസ്വാൻ എന്നയാളെ പോലീസ് കണ്ടെത്തിയത്.

രക്ഷകനായ ശങ്കർ ബസ്വാൻ, ആക്രമണത്തിന് ശേഷം ട്രാക്കിലൂടെ പെൺകുട്ടിയെ അന്വേഷിച്ചു നടന്നു എന്ന് ദൃക്‌സാക്ഷികളുടെ മൊഴിയുണ്ടായിരുന്നു. നൂറിലധികം ഓട്ടോ ഡ്രൈവർമാരെയും കച്ചവടക്കാരെയും ചോദ്യം ചെയ്ത ശേഷമാണ് പോലീസ് ശങ്കറിനെ തിരിച്ചറിഞ്ഞത്. ശങ്കറിനൊപ്പം സുഹൃത്തും ട്രെയിനിലുണ്ടായിരുന്നു.

ഈ മാസം രണ്ടാം തീയതിയാണ് കേരള എക്സ്പ്രസിൻ്റെ ജനറൽ കമ്പാർട്ട്‌മെൻ്റിൽ വെച്ച് 19 വയസ്സുകാരിയായ ശ്രീക്കുട്ടിയെ പ്രതി തള്ളിയിട്ടത്. വാതിലിൻ്റെ അടുത്തുള്ള ഭാഗത്ത് നിന്ന് പെൺകുട്ടി മാറി നിൽക്കാതിരുന്നതിലുള്ള ദേഷ്യമാണ് ആക്രമണത്തിന് കാരണമെന്ന് പ്രതി പോലീസിന് മൊഴി നൽകി. വർക്കല അയന്തി ഭാഗത്ത് വെച്ചാണ് മദ്യപിച്ചെത്തിയ ഇയാൾ യാതൊരു പ്രകോപനവുമില്ലാതെ പെൺകുട്ടിയെ ആക്രമിച്ചത്.

പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന സഹയാത്രികയെയും പ്രതി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ബാത്ത്‌റൂമിൽ പോയി മടങ്ങി വരുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നും, യുവതിയുടെ നടുവിനാണ് അക്രമി ചവിട്ടിയതെന്നും സഹയാത്രിക വെളിപ്പെടുത്തി. സംഭവത്തിൽ പോലീസ് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.

Share Email
LATEST
More Articles
Top