വാഷിംഗ്ടൺ: 2028-ലെ അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യാതൊരു ആഗ്രഹവും തനിക്കില്ലെന്ന് റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം മാർജോറി ടെയ്‌ലർ ഗ്രീൻ തുറന്നടിച്ചു. “ഞാൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നില്ല, അത്തരമൊരു ആഗ്രഹമുണ്ടെന്ന് ഒരിക്കലും പറഞ്ഞിട്ടുമില്ല. ആരെങ്കിലും അങ്ങനെ പറയുമ്പോൾ ഞാൻ ചിരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്,” അവർ തന്റെ ‘എക്സ്’ അക്കൗണ്ടിൽ പങ്കുവച്ച നീണ്ട പോസ്റ്റിൽ വ്യക്തമാക്കി.
അടുത്ത ജനുവരിയിൽ കോൺഗ്രസ് അംഗത്വം രാജിവെച്ച് പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം വെള്ളിയാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ വിശദീകരണം.
ദീർഘകാല സഖ്യകക്ഷിയും ഇപ്പോഴത്തെ പ്രസിഡൻ്റുമായ ഡോണൾഡ് ട്രംപുമായി കഴിഞ്ഞ മാസങ്ങളിൽ രൂക്ഷമായ അഭിപ്രായവ്യത്യാസം രൂപപ്പെട്ട പശ്ചാത്തലത്തിലാണ് ഗ്രീൻ സീറ്റൊഴിയുന്നത്.
വിദേശനയത്തിൽ അമിത ശ്രദ്ധയും ആഭ്യന്തര പ്രശ്നങ്ങളിൽ അവഗണനയും കാണിക്കുന്നുവെന്ന് ഗ്രീൻ ട്രംപിനെതിരെ തുറന്നടിച്ചിരുന്നു. ജെഫ്രി എപ്‌സ്റ്റീൻ കേസ് ഫയലുകളുടെ കൈകാര്യത്തിലും അവർ രൂക്ഷ വിമർശനം ഉന്നയിച്ചു.
ഇതിനു പ്രതികാരമായി ട്രംപ് ഗ്രീനിനെ “രാജ്യദ്രോഹി” എന്നു വിളിച്ച് പരസ്യമായി ആക്രമിച്ചിരുന്നു. അടുത്ത വർഷം അവരുടെ ജോർജിയയിലെ ഹൗസ് സീറ്റിലേക്ക് ഒരു റിപ്പബ്ലിക്കൻ എതിരാളിയെ താൻ പിന്തുണയ്ക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
സർക്കാർ ഷട്ട്ഡൗൺ, ബജറ്റ് തർക്കങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പാർട്ടി നേതൃത്വത്തെ പോലും വിമർശിച്ച ഗ്രീൻ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലായിരുന്നു. ഈ സാഹചര്യത്തിലാണ് അവർ കോൺഗ്രസ് സീറ്റ് ഉപേക്ഷിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതും 2028-ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ടതും.











