കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ കലൂരിലെ വാടക വീട്ടിൽ വൻ മോഷണം. ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള വീട്ടിൽനിന്ന് ഏകദേശം 20 കോടി രൂപ വിലമതിക്കുന്ന പുരാവസ്തുക്കൾ കാണാതായതായി പരാതി. ഹൈക്കോടതി അനുമതി പ്രകാരം പരോളിലുള്ള മോൻസൻ സാധനങ്ങൾ തിട്ടപ്പെടുത്താൻ എത്തിയപ്പോഴാണ് വീടിന്റെ ഒരു ഭാഗം പൊളിഞ്ഞ നിലയിൽ കണ്ടെത്തിയത്.
എറണാകുളം നോർത്ത് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണം പോയ വസ്തുക്കളുടെ വിശദാംശങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. സിസിടിവി ക്യാമറകൾ പൊളിച്ചുമാറ്റിയാണ് മോഷ്ടാക്കൾ കടന്നുകയറിയതെന്ന് സംശയിക്കുന്നു. രണ്ടാഴ്ച മുമ്പ് കോടതി കമ്മിഷനെത്തി പരിശോധിച്ചപ്പോൾ വീടിന് കേടുപാടുകളൊന്നുമുണ്ടായിരുന്നില്ലെന്ന് മോൻസന്റെ അഭിഭാഷകൻ എം.ജി ശ്രീജിത്ത് പറഞ്ഞു.
ഹൈക്കോടതി ഉത്തരവനുസരിച്ച് ഉദ്യോഗസ്ഥരോടൊപ്പം വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലുള്ള സാധനങ്ങൾ എടുക്കാനുള്ള അനുമതി ലഭിച്ചിരുന്നു. മോഷണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.













