ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ പ്രതിയായ വജ്ര വ്യാപാരി മെഹുൽ ചോക്‌സിയുമായി ബന്ധപ്പെട്ട സ്വത്തുക്കൾ ലേലം ചെയ്യാൻ മുംബൈയിലെ പ്രത്യേക കോടതി അനുമതി നൽകി. ചോക്‌സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന്റെ 46 കോടിയോളം രൂപ വിലമതിക്കുന്ന 13 അൺസെക്യൂർഡ് സ്വത്തുക്കളാണ് ലേലത്തിന് വെക്കുന്നത്.
മുംബൈയിലെ ബോറിവ്‌ലി ഈസ്റ്റിലുള്ള 2.55 കോടി രൂപ വീതം വിലമതിക്കുന്ന നാല് റെസിഡൻഷ്യൽ ഫ്‌ലാറ്റുകൾ.
ബാന്ദ്ര-കുർള കോംപ്ലക്‌സിലെ ഭാരത് ഡയമണ്ട് ബൂർസിലുള്ള ഓഫീസ് കെട്ടിടം.
രത്‌നക്കല്ലുകളും സിൽവർ ബാറുകളും.
ഗോരേഗാവ് ഈസ്റ്റിലെ വിർവാണി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലുള്ള നാല് വ്യാവസായിക യൂണിറ്റുകൾ.
കമ്പനിയുടെ ലിക്വിഡേറ്റർമാർ നൽകിയ അപേക്ഷയിലാണ് സ്വത്തുക്കളുടെ മൂല്യനിർണയം നടത്താനും ലേലം ചെയ്യാനും കോടതി അനുമതി നൽകിയത്. ലേലത്തിലൂടെ ലഭിക്കുന്ന തുക, ചെലവുകൾ കുറച്ചതിനുശേഷം കോടതിയുടെ പേരിൽ ഐസിഐസിഐ ബാങ്കിൽ ഫിക്‌സഡ് ഡെപ്പോസിറ്റ് ചെയ്ത് സൂക്ഷിക്കാൻ കോടതി നിർദേശിച്ചു. കേസ് തീർപ്പാക്കിയ ശേഷം ഈ തുക പഞ്ചാബ് നാഷണൽ ബാങ്ക് ഉൾപ്പെടെയുള്ളവർക്ക് വിതരണം ചെയ്യും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടിയ സ്വത്തുക്കളാണിത്.
പിഎൻബി തട്ടിപ്പ് കേസിൽ 14,000 കോടിയോളം രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയ മുഖ്യപ്രതികളാണ് മെഹുൽ ചോക്‌സിയും അനന്തരവൻ നീരവ് മോദിയും. 2018-ൽ തട്ടിപ്പ് പുറത്തുവരുന്നതിന് തൊട്ടുമുമ്പ് ഇരുവരും രാജ്യം വിടുകയായിരുന്നു.











