മിസ്സോറി സിറ്റിയുടെ നഗര നായകൻ റോബിൻ ജെ എലക്കാട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, മലയാളക്കരയ്ക്കും അഭിമാന നിമിഷം…

മിസ്സോറി സിറ്റിയുടെ നഗര നായകൻ റോബിൻ ജെ എലക്കാട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, മലയാളക്കരയ്ക്കും അഭിമാന നിമിഷം…

ഏബ്രഹാം പാറയംകാലായിൽ

മിസ്സോറി സിറ്റിയുടെ മേയറായി ഹാട്രിക് വിജയം നേടി തുടർഭരണ ചരിത്രം കുറിച്ച റോബിൻ ജെ എലക്കാട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നവംബറിലെ ശരത്കാല രാത്രിയിൽ, മിസ്സോറി സിറ്റി കമ്മ്യൂണിറ്റി സെന്ററിൽ തിങ്ങി നിറഞ്ഞ ജനസഞ്ചയത്തെ സാക്ഷിയാക്കി ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ കെ പട്ടേലാണ് സത്യവാചകം ചൊല്ലിക്കൊടുത്തത് എന്നത് മറ്റൊരു ചരിത്ര നിയോഗം. ഇരുവരും കേരളത്തിൽ വേരുകളുള്ളവർ. മലയാളക്കരയിൽ നിന്ന് ഒരുപാട് കാതങ്ങൾ അകലെ അമേരിക്കയിലെ മിസ്സോറി സിറ്റി എന്ന തട്ടകത്തിൽ മികവിൻ്റെ മുദ്ര ചാർത്തിയ റോബിൻ എലക്കാട്ടിനും എല്ലാ ഇന്ത്യക്കാർക്കും പ്രത്യേകിച്ച് മലയാളികൾക്കും ആത്മാഭിമാനത്തിൻ്റെ നിമിഷങ്ങളായിരുന്നു കഴിഞ്ഞ രാത്രി സമ്മാനിച്ചത്. ഈ ചടങ്ങിന് സാക്ഷിയാകുവാൻ മുൻ കോട്ടയം എം പി തോമസ് ചാഴികാടനും എത്തിച്ചേർന്നിരുന്നു.

സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷികളാകുവാൻ മേയറുടെ കുടുംബാംഗങ്ങൾക്ക്‌ ഒപ്പം വിശിഷ്ടാതിഥികൾ, നേതാക്കൾ, സഹപ്രവർത്തകർ, മിസ്സോറി സിറ്റിയിലെ മറ്റ് സ്ഥിരതാമസക്കാർ തുടങ്ങി അദ്ദേഹത്തിന്റെ കർമ്മ മണ്ഡലത്തിൽ നിരന്തരം ബന്ധപ്പെടുന്ന ഒട്ടനവധി പേർ എത്തിയിരുന്നു. ഹർഷാരവങ്ങളാൽ ഭരിതമായ ആ സന്തോഷ നിമിഷങ്ങൾക്ക് സാക്ഷികളാകുവാൻ സൗത്ത് ഏഷ്യൻ കമ്മ്യൂണിറ്റിയിലെ എല്ലാ വിഭാഗം ജനങ്ങളും എത്തിച്ചേർന്നു. റോബിൻ എന്ന ജനകീയനായ മേയർ മിസ്സോറിയിലെ ജനങ്ങളുടെ ഇടയിൽ നടത്തിയ ക്ഷേമ പ്രവർത്തനങ്ങളുടേയും ജനകീയ ഇടപെടലുകളുടെയും പ്രതിഫലനമായി ചടങ്ങ് മാറി.

ഹൃദയത്തിൽ തൊട്ട് നന്ദി…

മിസ്സോറി സിറ്റിയുടെ മേയറായി തന്നെ മൂന്നാമതും തെരെഞ്ഞെടുത്ത സുമനസ്സുകളായ എല്ലാ സമ്മതിദായകർക്കും ഹൃദയത്തിൽ തൊട്ട നന്ദി അറിയിച്ചുകൊണ്ടാണ് റോബിൻ തൻ്റെ മറുപടി പ്രസംഗം തുടങ്ങിയത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും തന്നോടൊപ്പം നിന്നെന്നും അവർ തന്നിൽ അർപ്പിച്ച അചഞ്ചലമായ വിശ്വാസത്തിനും പ്രതീക്ഷക്കും ഒപ്പം അവരോട് ചേർന്ന് നിന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തന്റെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ചവർ, പ്രാർത്ഥിച്ചവർ… എല്ലാവരെയും അദ്ദേഹം നന്ദിയോടെ ഓർത്തു. സത്യാപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഏറെ ദൂരം യാത്ര ചെയ്ത് എത്തിയ മുൻ കോട്ടയം എം പി യും രാഷ്ട്രീയ ഗുരുവുമായ ശ്രീ തോമസ് ചാഴികാടനും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു.

ഈ വിജയം, തന്റെ ഓരോ ചുവടുവെയ്പ്പിലും താങ്ങും തണലുമായി കൂടെ നിൽക്കുന്ന ഭാര്യ റ്റീനക്കും മക്കളായ ലിയയ്ക്കും കെയ്റ്റ്ലിനും കൂടി അവകാശപ്പെട്ടതാണെന്നും തന്റെ എല്ലാ ജീവിത വിജയങ്ങളുടെയും അടിസ്ഥാന കാരണം അവരുടെ കലവറയില്ലാത്ത പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് സാധ്യമായതെന്നും റോബിൻ സാക്ഷ്യപ്പെടുത്തി.
റോബിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തതും കേരളത്തിൽ നിന്നും കുടിയേറിയ, സിറ്റിയിലെ 240 ാം ഡിസ്ട്രിക്ട് ജഡ്ജ് ശ്രീ സുരേന്ദ്രൻ കെ പട്ടേൽ ആയിരുന്നു . തന്റെ അനുമോദന പ്രസംഗത്തിൽ മേയർ റോബിൻ നടത്തിയിട്ടുള്ള സമഗ്രമായ കർമ്മ പദ്ധതികളെക്കുറിച്ച്‌ പട്ടേൽ വളരെ വൈകാരികമായി സംസാരിച്ചു.

ജനപിന്തുണയിലും വർധന

മൂന്നാം തവണ വ്യക്തമായ മുൻതൂക്കത്തോടെ വളരെ ആധികാരികമായ വിജയമാണ് റോബിൻ നേടിയത്. വ്യത്യസ്തമായ ഒരു രാഷ്ട്രീയ ശൈലിയുടെ ഉടമയാണ് റോബിൻ. ഏറെ ജനകീയനായ നേതാവ് ഒപ്പം തൻ്റെ ഉത്തരവാദിത്വങ്ങളിൽ തെല്ലും വിട്ടുവീഴ്ച ചെയ്യാത്ത നഗര മേധാവി. ഭാവിയെ മുന്നിൽകണ്ട് മികച്ച പദ്ധതികൾ രൂപീകരിച്ച് നഗരത്തെ വികസന കുതിപ്പിലേക്ക് എത്തിച്ചതും ജനക്ഷേമ പദ്ധതികൾ ഏറെ നടപ്പാക്കിയതും റോബിൻ്റെ ജനസമ്മതിക്ക് മാറ്റുകൂട്ടി.

അഞ്ച് വർഷങ്ങൾക്ക് മുൻപ്, പഴഞ്ചൻ ആശയങ്ങളുടെ പിന്തുടർച്ചക്കാരൻ ആകാൻ തനിക്കാവില്ല എന്ന തുറന്ന പ്രഖ്യാപനവുമായി മിസ്സോറി സിറ്റിയുടെ മേയറായി അധികാരത്തിലേറിയ റോബിൻ എലക്കാട്ട്, ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രശ്ങ്ങൾക്ക് പരിഹാരം കാണുവാൻ അവിരാമം പരിശ്രമിച്ചിട്ടുണ്ട്. കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മിസ്സോറി സിറ്റിയുടെ കർമ്മ മണ്ഡത്തിൽ വ്യാപരിക്കുന്ന മേയറാണ് റോബിൻ. അടിസ്ഥാന സൗകര്യ വികസനവും സാമൂഹ്യമായി പിന്നാക്കാവസ്ഥയിലുള്ളവരുടെ പരിരക്ഷയുമാണ് തന്റെ പ്രഥമ പരിഗണനയായി അദ്ദേഹം കാണുന്നത്. 2020 -2022 കാലഘട്ടത്തിലേക്ക് ആദ്യമായി മേയറായി തെരെഞ്ഞെടുക്കപ്പെട്ട റോബിൻ 2022-2025, 2025- 2028 വർഷങ്ങളിൽ തുടർ വിജയങ്ങൾ ആവർത്തിക്കുമ്പോൾ, അതൊരു ചരിത്രമായി മാറുന്നു.

Share Email
LATEST
More Articles
Top