വാഷിങ്ടണ്‍: യുഎസില്‍ ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ കാരണം ആയിരക്കണക്കിന് വിമാനസർവീസുകൾ റദ്ദാക്കി. ഇന്ന് ഇതുവരെ, 1,000-ത്തിലധികം വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്, 4,1300 ആഭ്യന്തര – അന്താരാഷ്ട്ര സർവീസുകൾവൈകി. വാഷിംഗ്ടണിലെ റീഗൻ വിമാനത്താവളത്തിൽ, എത്തിച്ചേരുന്ന വിമാനങ്ങളുടെ ശരാശരി കാലതാമസം 4 മണിക്കൂറാണ്. ഉപഭോക്താക്കൾക്ക് റീഫണ്ടുകളും സൗജന്യ ഫ്ലൈറ്റ് മാറ്റങ്ങളും വാഗ്ദാനം ചെയ്തിരിക്കുകയാണ് അമേരിക്കൻ, സൗത്ത് വെസ്റ്റ്, ഡെൽറ്റ തുടങ്ങിയ പ്രധാന വിമാനക്കമ്പനികൾ.
ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ്, ചിക്കാഗോ, വാഷിംഗ്ടൺ ഡിസി തുടങ്ങിയ വലിയ നഗരങ്ങൾ ഉൾപ്പെടെ 40 പ്രധാന വിമാനത്താവളങ്ങളിലാണ് റദ്ദാക്കലുകൾ കേന്ദ്രീകരിച്ചിരിക്കുന്നത്. “ഇന്ന് 4% വിമാനങ്ങൾ മാത്രമേ വെട്ടിക്കുറച്ചിട്ടുള്ളൂ, പക്ഷേ അടുത്ത ആഴ്ച ആ എണ്ണം 10% ആയി ഉയർന്നേക്കാം. യുഎസ് ഫെഡറൽ ഗവൺമെന്റ് ഷട്ട്ഡൗൺ തുടരുകയാണെങ്കിൽ, അത് 20% ആയി ഉയരും” യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി ഇന്ന് പറഞ്ഞു.
ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ രാജ്യത്തെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തില്‍ ജീവനക്കാരുടെ കുറവ് വരുത്തിയതോടെയാണ് ഫ്‌ളൈറ്റുകള്‍ റദ്ദാക്കേണ്ട സാഹചര്യമുണ്ടായത്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ നല്‍കിയ ഉത്തരവ് പാലിച്ചാണ് നടപടി.
വെള്ളിയാഴ്ച ഷെഡ്യൂള്‍ ചെയ്ത 5000 വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തിരുന്നു. വ്യാഴാഴ്ച 6,400-ലധികം യുഎസ് വിമാനങ്ങൾ വൈകുകയും 200 എണ്ണം റദ്ദാക്കുകയും ചെയ്തു. ഇതുവഴി പതിനായിരക്കണക്കിന് യാത്രക്കാരാണ് ബുദ്ധിമുട്ടിയത്. യുഎസിലുടനീളമുള്ള യാത്രക്കാര്‍ വിമാനങ്ങൾ റീബുക്ക് ചെയ്യാനുള്ള നെട്ടോട്ടത്തിലാണ്.
More than 1,000 flights have been cancelled and 4,1300 have been delayed in US due to shut down











