തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും അവരുടെ സ്വവർഗ്ഗ പങ്കാളിയും അറസ്റ്റിലായി. കുഞ്ഞിൻ്റെ മരണം സംഭവിച്ചതിന് പിന്നാലെ, ഇത് സ്വാഭാവിക മരണമല്ലെന്ന് പിതാവ് ആരോപിച്ചതോടെയാണ് സംഭവത്തിൻ്റെ ചുരുളഴിഞ്ഞത്. ഈ മാസം ആദ്യമാണ് സംഭവം നടന്നത്. കുഞ്ഞിനെ മുലയൂട്ടുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നാണ് ആദ്യം കരുതിയിരുന്നത്. അതിനാൽ പോസ്റ്റ്‌മോർട്ടം നടത്താതെ കുട്ടിയെ കുടുംബത്തിൻ്റെ കൃഷിഭൂമിയിൽ അടക്കം ചെയ്യുകയായിരുന്നു.
ദിവസങ്ങൾക്ക് ശേഷം, കുട്ടിയുടെ അമ്മയും മറ്റൊരു സ്ത്രീയും തമ്മിലുള്ള ബന്ധത്തിൻ്റെ ചിത്രങ്ങളും സന്ദേശങ്ങളും വീഡിയോകളും കണ്ടെത്തിയതിനെ തുടർന്ന് പിതാവ് അധികാരികളെ സമീപിച്ചു. അമ്മയുടെ സ്വവർഗ്ഗ പങ്കാളിയുമായുള്ള ബന്ധം കാരണം കുഞ്ഞിനെ ഉപദ്രവിച്ചു കൊലപ്പെടുത്തി എന്ന് പിതാവ് അന്വേഷണ ഉദ്യോഗസ്ഥരോട് സംശയം പ്രകടിപ്പിച്ചു. ഇതിനെ തുടർന്ന് ഉദ്യോഗസ്ഥർ കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായി. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ, ഭർത്താവിൻ്റെ കുട്ടിയെ തനിക്ക് ആവശ്യമില്ലായിരുന്നുവെന്ന് യുവതി പോലീസിനോട് സമ്മതിച്ചു. ഭർത്താവ് തന്നെ വേണ്ടവിധം ശ്രദ്ധിച്ചിരുന്നില്ലെന്നും യുവതി ആരോപിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.









