ന്യൂഡൽഹി: എൻ.സി.പി. നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതക കേസിലെ മുഖ്യപ്രതിയും അധോലോക കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയുടെ ഇളയ സഹോദരനുമായ അൻമോൽ ബിഷ്‌ണോയിയെ അമേരിക്ക ഇന്ത്യയിലേക്ക് നാടുകടത്തി. യു.എസ്. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റാണ് നാടുകടത്തൽ നടപടികൾ പൂർത്തിയാക്കിയത്. ഇതോടെ, ഇന്ത്യയിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തു.
മുൻ മഹാരാഷ്ട്ര മന്ത്രിയായിരുന്ന ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൽ വിദേശത്തിരുന്ന് ആസൂത്രണം ചെയ്തത് അൻമോൽ ആണെന്നാണ് മുംബൈ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. 2024 ഒക്ടോബർ 12-ന് മുംബൈയിലെ ബാന്ദ്രയിൽ വെച്ചാണ് സിദ്ദിഖി വെടിയേറ്റ് മരിച്ചത്. ഈ കേസിന് പുറമെ, പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയുടെ കൊലപാതകം, നടൻ സൽമാൻ ഖാന്റെ മുംബൈയിലെ വസതിക്ക് പുറത്ത് 2024 ഏപ്രിലിൽ നടന്ന വെടിവെയ്പ്പ് എന്നിവയുൾപ്പെടെയുള്ള നിരവധി അക്രമ സംഭവങ്ങളിൽ അൻമോൽ ബിഷ്‌ണോയിക്ക് പങ്കുണ്ടെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു.
2022 ഏപ്രിലിൽ വ്യാജ യാത്രാരേഖകൾ ഉപയോഗിച്ച് ഇന്ത്യയിൽ നിന്ന് പലായനം ചെയ്ത ഇയാൾ യു.എസ്., കാനഡ തുടങ്ങിയ രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കുകയായിരുന്നു. നിയമവിരുദ്ധമായ രേഖകളോടെ പ്രവേശിച്ചതിനാണ് യു.എസ്. അധികൃതർ ഇയാളെ കസ്റ്റഡിയിലെടുത്തത്. അൻമോലിന്റെ നാടുകടത്തൽ സംബന്ധിച്ച്, കൊല്ലപ്പെട്ട ബാബ സിദ്ദിഖിയുടെ മകൻ സീഷാൻ സിദ്ദിഖിക്ക് യു.എസ്. ആഭ്യന്തര സുരക്ഷാ വകുപ്പിൽ നിന്ന് ഇ-മെയിൽ സന്ദേശം ലഭിച്ചിരുന്നു. ഇന്ത്യയിൽ നാടുകടത്തിയതോടെ ഇയാളെ ആദ്യം കസ്റ്റഡിയിലെടുക്കാൻ വിവിധ ഏജൻസികൾ ശ്രമിക്കുന്നതിനിടെയാണ് എൻ.ഐ.എ.യുടെ നടപടി.













