‘കമ്യൂണിസ്റ്റ്’ മംദാനിയുമായി വൈറ്റ് ഹൗസില്‍ ചർച്ച; ഞെട്ടിച്ച് ട്രംപ്, മംദാനിക്ക് പ്രശംസ, ‘ഞാന്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കും’ എന്ന് ഉറപ്പും

‘കമ്യൂണിസ്റ്റ്’ മംദാനിയുമായി വൈറ്റ് ഹൗസില്‍ ചർച്ച;  ഞെട്ടിച്ച് ട്രംപ്, മംദാനിക്ക് പ്രശംസ, ‘ഞാന്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കും’ എന്ന് ഉറപ്പും

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി മേയറും തന്റെ നിശിതവിമര്‍ശകനുമായ സൊഹ്റാന്‍ മംദാനിയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. മികച്ച കൂടിക്കാഴ്ചയായിരുന്നുവെന്ന് പറഞ്ഞ ട്രംപ്, തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മംദാനിയെ പ്രശംസിച്ചു.

സൊഹ്റാന്‍ മംദാനിയുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ കഴിയുന്നത് തനിക്ക് ‘വളരെ, വളരെ സുഖകരമായ’ അനുഭവമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. അര മണിക്കൂറിലധികം സമയം ട്രംപും മംദാനിയും കൂടിക്കാഴ്ച നടത്തി. മംദാനിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള തന്റെ ധാരണകളെ ഈ കൂടിക്കാഴ്ച മാറ്റിമറിച്ചുവെന്നും ട്രംപ് വ്യക്തമാക്കുകയുണ്ടായി.

മംദാനി മേയറായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ന്യൂയോര്‍ക്ക് സിറ്റിക്ക് നല്‍കുന്ന ഫെഡറല്‍ ഫണ്ടിംഗ് പിന്‍വലിക്കുമെന്നും, നാഷണല്‍ ഗാര്‍ഡിനെ അയക്കാന്‍ മടിക്കില്ലെന്നും ട്രംപ് മുന്‍പ് ഭീഷണിപ്പെടുത്തിയിരുന്നു. എന്താണ് മനസ്സ് മാറ്റിയതെന്ന ചോദ്യത്തിന്, ‘ഞാന്‍ കരുതിയതിലും കൂടുതല്‍ കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് യോജിപ്പുണ്ട്’ എന്നായിരുന്നു ട്രംപിന്റെ മറുപടി. മംദാനി തന്നെ ഫാസിസ്റ്റ് എന്ന് വിളിക്കുന്നതില്‍ കുഴപ്പമില്ലെന്നും അദ്ദേഹത്തെ സാക്ഷിയാക്കി ട്രംപ് പറഞ്ഞു.

ട്രംപ് ഒരു ഫാസിസ്റ്റാണെന്ന് മുമ്പ് നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുണ്ടോയെന്ന് എന്ന് ഒരു റിപ്പോര്‍ട്ടര്‍ മംദാനിയോട് ചോദിച്ചു, ‘ഞാന്‍ അതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്…’ മംദാനി ഇങ്ങനെ പറഞ്ഞുതുടങ്ങുന്നതിനിടയില്‍ ട്രംപ് പെട്ടെന്ന് ഇടപെട്ടു.

‘അത് കുഴപ്പമില്ല, നിങ്ങള്‍ക്ക് അതെ എന്ന് മറുപടി പറയാന്‍ കഴിയും’ മംദാനിയുടെ കൈയില്‍ തട്ടിക്കൊണ്ട് ട്രംപ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. ശരി, അതെയെന്ന് മംദാനി പറയുകയും ചെയ്തു.

‘ഞാന്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കും’ എന്ന വാക്കുകളോടെയാണ് ട്രംപ് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്. തങ്ങള്‍ക്കിടയില്‍ ഫലപ്രദമായ ഒരു കൂടിക്കാഴ്ചയാണ് നടന്നതെന്നും ന്യൂയോര്‍ക്ക് സിറ്റിയിലെ ജീവിതച്ചെലവ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഇരുവരും ഊന്നിപ്പറയുകയും ചെയ്തു. നവംബര്‍ നാലിനാണ് മംദാനി ന്യൂയോര്‍ക്ക് സിറ്റിയുടെ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്.

New York City mayor-elect Zohran Mamdani met with President Donald Trump at the White House

Share Email
Top