പട്ന: നിതീഷ്- മോദി (നി മോ) തരംഗം ആഞ്ഞടിച്ച ബീഹാർ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ രൂപീകരണം നിർണ്ണായക ഘട്ടത്തിൽ എത്തിനിൽക്കെ, അമിത് ഷാ നടത്തിയ ചർച്ചകൾക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിൽ അന്തിമ തീരുമാനമായി. ജെ.ഡി.യു. നേതാക്കളായ സഞ്ജയ് ഝാ, കേന്ദ്രമന്ത്രി ലല്ലൻ സിംഗ് എന്നിവർ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ മന്ത്രിസഭാ പ്രാതിനിധ്യത്തിൻ്റെ കാര്യത്തിൽ ഏകദേശ ധാരണയിലെത്തി.
പുതിയ ധാരണയനുസരിച്ച്, നിതീഷ് കുമാർ പത്താം തവണ മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിക്കും. കൂടാതെ, തുടർച്ചയായി അഞ്ച് തവണ മുഖ്യമന്ത്രി പദത്തിലെത്തുന്നു എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. മന്ത്രിസഭയിൽ ജെ.ഡി.യുവിന് 14 മന്ത്രിമാർ വരെ ഉണ്ടാകും. ബി.ജെ.പിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ 16 മന്ത്രിമാർ ലഭിക്കും. എൻ.ഡി.എയിലെ മറ്റ് സഖ്യകക്ഷികളായ ചിരാഗ് പാസ്വാൻ്റെ എൽ.ജെ.പിക്ക് മൂന്ന് മന്ത്രിസ്ഥാനവും ജിതിൻ റാം മാഞ്ചിയുടെയും ഉപേന്ദ്ര കുശ്‌വയുടെയും പാർട്ടികൾക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കും.
ചൊവ്വാഴ്ച പട്നയിൽ എൻ.ഡി.എ.യിലെ 202 എം.എൽ.എമാർ യോഗം ചേർന്ന് നിതീഷ് കുമാറിനെ കക്ഷി നേതാവായി തിരഞ്ഞെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങ് അടുത്ത ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഗാന്ധി മൈതാനത്ത് നടന്നേക്കുമെന്നാണ് സൂചന. അതേസമയം, ആർ.ജെ.ഡിക്ക് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കും. മൊത്തം സീറ്റിൻ്റെ 10% നേടിയതിലൂടെ പ്രതിപക്ഷ നേതൃപദവി ഇല്ലാതാകുമായിരുന്ന അവസ്ഥയിൽ നിന്ന് ബീഹാർ രക്ഷപ്പെട്ടു.













