സ്വർണവും ഗർഭവും വിഷയമാക്കരുത്, വികസനം മാത്രം ചർച്ച ചെയ്യണം: തദ്ദേശ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ ഫോർമുല

സ്വർണവും ഗർഭവും വിഷയമാക്കരുത്, വികസനം മാത്രം ചർച്ച ചെയ്യണം: തദ്ദേശ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ ഫോർമുല

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വർണക്കടത്ത്, ഗർഭഛിദ്ര കേസ് തുടങ്ങിയ വിവാദങ്ങൾ ചർച്ചയാക്കരുതെന്നും വികസനം മാത്രമേ വിഷയമാകാവൂ എന്നും കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. ബിജെപി കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘സ്വർണവും ഗർഭവും ഒന്നുമല്ല നമ്മുടെ വിഷയം. ചെമ്പ് വിവാദം കൊണ്ടുവന്നിട്ട് എന്തായി? 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അതൊന്നും ഞാൻ ചർച്ചയാക്കിയില്ല. കുടുംബത്തിന്റെ നേർച്ചയായിരുന്നു അത്; ആരുടെയെങ്കിലും കയ്യിൽ നിന്ന് പിരിവെടുത്തതല്ല’’ – സുരേഷ് ഗോപി വ്യക്തമാക്കി.

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം, സിപിഐ, കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ വോട്ടുകൾ ബിജെപിക്ക് ലഭിച്ചുവെന്നും ആ കാലാവസ്ഥ ഇപ്പോഴും നിലനിൽക്കുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു. ‘‘എതിർ സ്ഥാനാർഥിയുടെ പേര് പോലും ഞാൻ പറഞ്ഞില്ല. കെ. മുരളീധരൻ മോശമായി പറഞ്ഞപ്പോഴും ‘മുരളിച്ചേട്ടനല്ലേ’ എന്നാണ് ഞാൻ പറഞ്ഞത്. വികസനം മാത്രം മുന്നോട്ടുവച്ച് വോട്ട് തേടണം. ജനങ്ങൾക്ക് വേണ്ടതും അതാണ്’’ – സുരേഷ് ഗോപി ആവർത്തിച്ചു.

വിവാദങ്ങൾ ചർച്ച ചെയ്യാൻ തയാറല്ലെന്നും വികസന ഫോക്കസ് ഒരിക്കലും വിടില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ‘‘എനിക്ക് വികസനത്തിൽ നിന്ന് മാറി നിൽക്കാൻ കഴിയില്ല. സ്വർണ-ഗർഭ കേസുകൾ ചർച്ച ചെയ്യാൻ ഞാനില്ല’’ – സുരേഷ് ഗോപി വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി വികസന അജണ്ട മാത്രം മുന്നോട്ടുവയ്ക്കുമെന്ന സന്ദേശമാണ് കേന്ദ്രമന്ത്രിയുടെ പ്രസംഗത്തിലൂടെ നൽകിയത്.

Share Email
LATEST
More Articles
Top