തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തിൽ ചികിത്സാ പിഴവുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വിലയിരുത്തൽ. ആരോഗ്യവകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരം ആരോഗ്യ വിദ്യാഭ്യാസ ജോയിൻ്റ് ഡയറക്ടർ ഡോ. ടി കെ പ്രേമലതയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ചികിത്സാ പ്രോട്ടോക്കോളുകൾ കൃത്യമായി പാലിച്ചതായും കേസ് ഷീറ്റിൽ പോരായ്മകൾ ഇല്ലെന്നും രേഖകൾ വ്യക്തമാക്കുന്നു.
ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടില്ല എന്ന നിലപാടിൽ മെഡിക്കൽ കോളേജ് അധികൃതരും ഉറച്ചുനിൽക്കുന്നുണ്ട്. എന്നാൽ, ഡോക്ടർമാർ നൽകിയ മൊഴി പ്രകാരം ആശയവിനിമയത്തിൽ എന്തെങ്കിലും അപാകതകൾ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ പ്രത്യേക പരിശോധന നടക്കുന്നുണ്ട്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് നാളെ സമർപ്പിക്കുമെന്നാണ് വിവരം. ഈ റിപ്പോർട്ട് ലഭിച്ച ശേഷം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ (ഡിഎംഇ) തുടർ റിപ്പോർട്ടിനെ ആശ്രയിച്ചായിരിക്കും ആരോഗ്യവകുപ്പ് കൂടുതൽ നടപടികളിലേക്ക് കടക്കുക.
അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് വേണു തൻ്റെ സുഹൃത്തിനയച്ച ശബ്ദസന്ദേശങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുമ്പോഴാണ്, ചികിത്സാ പിഴവില്ല എന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് വരുന്നത്.













