വാഷിങ്ടൺ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണവായുധങ്ങളുടെ പരീക്ഷണം സംബന്ധിച്ച് നൽകിയ ഉത്തരവിൽ അണുസ്‌ഫോടനങ്ങൾ ഉൾപ്പെടുന്നില്ലെന്നും, പകരം സിസ്റ്റം പരിശോധനകൾ മാത്രമാണ് നടത്തുകയെന്നും യുഎസ് സർക്കാർ വ്യക്തമാക്കി. ആണവായുധങ്ങൾ പരീക്ഷിക്കാൻ നിർദ്ദേശം നൽകിയെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ പ്രസ്താവിച്ചതിന് ശേഷമാണ് ട്രംപ് ഭരണകൂടത്തിൽ നിന്ന് ആദ്യമായി വ്യക്തത ലഭിക്കുന്നത്.
ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് ഒരു അഭിമുഖത്തിലാണ് ഈ വിശദീകരണം നൽകിയത്. നിലവിൽ ഇത് സിസ്റ്റം പരിശോധനകൾ മാത്രമാണെന്നും, അവ അണുസ്‌ഫോടനങ്ങളല്ല എന്നും അദ്ദേഹം പറഞ്ഞു. ഇവയെ ‘നോൺക്രിട്ടിക്കൽ സ്ഫോടനങ്ങൾ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ആണവായുധങ്ങളുടെ മറ്റു ഭാഗങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും, അവ ആണവ സ്ഫോടനത്തിനായി കൃത്യമായ ജ്യാമിതിയിൽ സജ്ജീകരിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തുന്ന പരിശോധനകളാണ് ഇതെന്നും റൈറ്റ് കൂട്ടിച്ചേർത്തു.
റഷ്യയുടെ പുതിയ ആണവശക്തിയുള്ള അന്തർവാഹിനി ഡ്രോണും ക്രൂയിസ് മിസൈലും പരീക്ഷിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന വന്നത്. പാകിസ്ഥാനും ചൈനയും ആണവായുധങ്ങൾ പരീക്ഷിക്കുകയാണെന്ന ഗുരുതര ആരോപണമാണ് ട്രംപ് ഉയർത്തിയത്. സിബിഎസിന്‍റെ ’60 മിനിറ്റ്‌സ്’ എന്ന പരിപാടിക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്‍റെ പരാമർശങ്ങൾ. റഷ്യയും ഉത്തരകൊറിയയും അവരുടെ ആണവായുധങ്ങൾ പരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 33 വർഷത്തെ മൊറട്ടോറിയത്തിന് ശേഷം ആണവായുധങ്ങൾ പരീക്ഷിക്കാൻ അമേരിക്കൻ സൈന്യത്തിന് താൻ നൽകിയ ഉത്തരവിനെ ന്യായീകരിക്കുന്നതിനിടെയാണ് ട്രംപിന്‍റെ ഈ വെളിപ്പെടുത്തൽ. പാകിസ്ഥാനെയും ചൈനയെയും രണ്ട് അതിർത്തികളിൽ നേരിടുന്ന ഇന്ത്യക്ക് ട്രംപിന്‍റെ ഈ പ്രസ്താവന ആശങ്കയുണ്ടാക്കുന്നതാണ്.













