ഗുവാഹത്തി: പ്രശസ്ത അസം ഗായകനും സംഗീതജ്ഞനുമായ സുബിൻ ഗാർഗിന്റെ മരണം അപകടമല്ലെന്നും, കൊലപാതകമാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഒരാൾ ഗാർഗിനെ കൊലപ്പെടുത്തുകയും മറ്റുള്ളവർ സഹായിക്കുകയും ചെയ്തുവെന്നും അദ്ദേഹം നിയമസഭയിൽ ആരോപിച്ചു.
സുബിൻ ഗാർഗിന്റെ മരണത്തെക്കുറിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അഡ്ജോയിൻമെന്റ് പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. പ്രാഥമിക അന്വേഷണത്തിൽ തന്നെ സംഭവം മനഃപൂർവമല്ലാത്ത നരഹത്യയല്ല, മറിച്ച് കൊലപാതകമാണെന്ന് അസം പോലീസിന് ഉറപ്പുണ്ടായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഡിസംബറിൽ കുറ്റപത്രം സമർപ്പിക്കും. കൊലപാതകത്തിന് പിന്നിലെ കാരണം അസമിലെ ജനങ്ങളെ ഞെട്ടിക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ ഇതുവരെ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ നാലോ അഞ്ചോ പേർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തും. അറസ്റ്റിലായ സുബിൻ ഗാർഗിന്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർമാർ വഴി 1.1 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ പോലീസ് കണ്ടെത്തിയിരുന്നു.
2025 സെപ്റ്റംബർ 19-ന് സിംഗപ്പൂരിൽ കടലിൽ നീന്തുന്നതിനിടെയാണ് 52-കാരനായ സുബിൻ ഗാർഗിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗാർഗിന്റെ മരണം സംബന്ധിച്ച് ഗുവാഹത്തി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സൗമിത്ര സൈകിയയുടെ നേതൃത്വത്തിൽ ഒറ്റാംഗ കമ്മീഷനും സ്വതന്ത്രമായ അന്വേഷണം നടത്തുന്നുണ്ട്.













