ദില്ലി: ദില്ലി സ്ഫോടനത്തിന് പിന്നാലെ കശ്മീരി മുസ്ലിങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി ഉമർ അബ്ദുള്ള. ജമ്മു കശ്മീരിൽ നിന്നുള്ള മുസ്ലിങ്ങൾ എല്ലാവരും തീവ്രവാദികളല്ലെന്നും ഇവിടെ ജീവിക്കുന്നവരെല്ലാം തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരല്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ജമ്മുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഉമർ അബ്ദുള്ള സ്ഫോടനത്തെ ശക്തമായി അപലപിച്ചു. നിരപരാധികളെ ക്രൂരമായി കൊല്ലുന്നതിനെ ഒരു മതവും ന്യായീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
“ജമ്മു കശ്മീരിലെ എല്ലാവരും തീവ്രവാദികളോ തീവ്രവാദവുമായി ബന്ധമുള്ളവരോ അല്ല. ഇവിടെ സമാധാനവും സാഹോദര്യവും തകർക്കാൻ ശ്രമിക്കുന്നത് ചുരുക്കം ചില ആളുകൾ മാത്രമാണ്. പൗരന്മാരെ ഒരൊറ്റ ചിന്താഗതിയോടെ നോക്കിക്കാണുകയും എല്ലാവരും തീവ്രവാദികളാണെന്ന് കരുതുകയും ചെയ്താൽ, ജനങ്ങളെ ശരിയായ പാതയിൽ നിലനിർത്തുക പ്രയാസകരമാകും,” അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്നും നിരപരാധികളെ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേസിന്റെ പശ്ചാത്തലം
ദില്ലിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിക്കുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കാർ സ്ഫോടനവുമായി ബന്ധപ്പെട്ട് ചില കശ്മീരി ഡോക്ടർമാർ അറസ്റ്റിലായതിന് പിന്നാലെയാണ് ഉമർ അബ്ദുള്ളയുടെ പ്രതികരണം. സ്ഫോടനത്തിന് ഉപയോഗിച്ച ഐ 20 കാർ ഓടിച്ച ഡോ. ഉമർ മുഹമ്മദ്, ഡോ. മുസമ്മിൽ എന്നിവർ പുൽവാമ സ്വദേശികളും, ഡോ. അദീൽ റാഥർ അനന്ത്‌നാഗ് സ്വദേശിയുമാണ്.












